തിരുവനന്തപുരം : കേന്ദ്രനിര്‍ദേശത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറക്കില്ലെന്ന് ചിലര്‍ കരുതിയെന്നും അതിലൂടെ ശബരിമല ആവര്‍ത്തിച്ചു കളയാമെന്ന് ഉന്നംവെച്ചെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മതമേലധ്യക്ഷന്‍മാരും മത നേതാക്കളും വിവിധ ദേവസ്വം ബോര്‍ഡുകളുടെ ഭാരവാഹികളും തന്ത്രി മണ്ഡലം പ്രതിനിധികളും തന്ത്രി സമാജം പ്രതിനിധികളുമായും ചേര്‍ന്ന വിശദമായ ചര്‍ച്ചക്കു ശേഷമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും കടകംപള്ളി പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കേന്ദ്രസഹമന്ത്രി വി മുരളീധരനടക്കം രംഗത്തു വന്നതിനെത്തുടര്‍ന്നാണ് കടകംപള്ളിയുടെ പ്രതികരണം.
കേന്ദ്രസര്‍ക്കാര്‍ കോവിഡുമായി ബന്ധപ്പെട്ടിറക്കിയ ഉത്തരവുകള്‍ വി മുരളീധരന്‍ വായിച്ചു മനസ്സിലാക്കണമെന്നും മെയ്മാസത്തിലെയും ജൂണ്‍മാസത്തിലെയും ഉത്തരവുകള്‍ വായിച്ചു നോക്കാനുള്ള മര്യാദ കാണിച്ചു വേണം കൊച്ചു കേരളത്തിന്റെ പുറത്ത് കുതിരകയറാനെന്നും കടകംപള്ളി വിമര്‍ശിച്ചു. ബിവറേജസ് തുറക്കാമെങ്കില്‍, ഷോപ്പിങ് മാള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങള്‍ തുറന്നു കൂടെ എന്നാണ് ഇവരെല്ലാം മുമ്പ് ചോദിച്ചതെന്നും കടകംപള്ളി ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
കടകംപള്ളിയുടെ വാക്കുകള്‍
ഇളവ് അനുവദിക്കുന്ന പട്ടികയുടെ കൂട്ടത്തില്‍ ആരാധനലായങ്ങള്‍ തുറക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനമുണ്ടായത് കഴിഞ്ഞ 30നാണ്. എന്നാല്‍ അത് കണ്ട ഉടനെ ധൃതി പിടിച്ച് ആരാധനാലയങ്ങള്‍ തുറക്കാനുള്ള തീരുമാനം കേരളം കൈക്കൊണ്ടിട്ടില്ല. പകരം വിവിധ മതമേധാവികളുമായി ചേര്‍ന്ന് ചര്‍ച്ച നടത്തുകയാണുണ്ടയാത്. നാലാം തീയ്യതി മതമേലധ്യക്ഷന്‍മാരും മത നേതാക്കളും വിവിധ ദേവസ്വം ബോര്‍ഡുകളുടെ ഭാരവാഹികളും തന്ത്രി മണ്ഡലം പ്രതിനിധികളും തന്ത്രി സമാജം പ്രതിനിധികളുമായും വിവിധ ഘട്ടങ്ങളിലായി വിശദമായ ചര്‍ച്ച നടന്നു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെയും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയെയും വീഡിയോ കോണ്‍ഫറന്‍സിന് മുഖ്യമന്ത്രി ക്ഷണിച്ചിരുന്നു. അസുഖബാധിതനായതിനാല്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയാണ് ചെയ്തത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയാവട്ടെ എന്‍എസ്എസ്സിന്റെ നിലപാട് അറിയാമല്ലോ എന്ന ഒറ്റവാക്യം പറഞ്ഞ് വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുക്കാതിരിക്കുകയാണ് ചെയ്തത്.
ക്ഷേത്രചുമതലയുള്ള ദേവസ്വബോര്‍ഡ് ആളുകള്‍, മതമേലധ്യക്ഷന്‍മാര്‍, തന്ത്രിസമാജം എന്നിവയുമായൊക്കെ ചര്‍ച്ച നടത്തി. തുറക്കുന്നെങ്കില്‍ എന്ന് തുറക്കണം, എങ്ങനെ തുറക്കണം എന്ന് വളരെ സമഗ്രമായ രീതിയിലുള്ള കൂടിയാലോചനകള്‍ നടത്തിയാണ് തീരുമാനം കൈക്കൊണ്ടത്. കേന്ദ്രസര്‍ക്കാരാവട്ടെ ആരാധനാലയങ്ങള്‍ തുറക്കേണ്ടുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നാലാം തീയ്യതി തുടര്‍വിജ്ഞാപനവുമിറക്കി. അതിന്റെ കൂടി പശ്ചത്തലത്തിലാണ് കേരളം തീരുമാനം കൈക്കൊണ്ടത്. ഇത് മുരളീധരന് മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ മഹാ കഷ്ടമെന്നേ അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് പറയാനാവൂ.
കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ സഹമന്ത്രിക്ക് പങ്കെടുക്കാനാവില്ലെന്ന് അറിയാം. കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്ന മന്ത്രിമാരോട് എന്താണ് തീരുമാനം എന്ന് ചോദിക്കാനുള്ള മര്യാദയോ ശ്രമമോ അദ്ദേഹം നടത്തണ്ടേ.
നമ്മുടെ സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യമാണ് തുറക്കുന്നതു വരെ എതിര്‍ക്കുന്നവര്‍ ഉന്നയിച്ചതായി കണ്ടിട്ടുള്ളത്. എന്തുകൊണ്ട് തുറക്കുന്നില്ല എന്ന ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചവരാണ് ബിജെപി നേതാക്കളില്‍ അധികവും. ബിവറേജസ് തുറക്കാമെങ്കില്‍ ആരാധനാലയങ്ങള്‍ തുറന്നു കൂടെ , ഷോപ്പിങ് മാള്‍ തുറക്കാമെങ്കില്‍ ആരധനാലയങ്ങള്‍ തുറന്നു കൂടെ എന്നാണ് ഇവരെല്ലാം മുമ്പ് ചോദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുന്നുണ്ടെങ്കിലും കര്‍ശന നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ വിട്ടുവീഴ്ചയില്ല ഇവിടെ. കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌കര്‍ഷയേക്കാള്‍ വലിയ നിഷ്‌കര്‍ഷകളാണ് സംസ്ഥാനം ഇക്കാര്യത്തില്‍ മുന്നോട്ടുവെച്ചത്.
പാളയം മഹല്ല് കമ്മറ്റി കൂടി പാളയം പള്ളി തുറക്കുന്നില്ലെന്ന് തീരുമാനിച്ചു. കോഴിക്കോട് മഹല്ല് കമ്മറ്റി കൂടി മുസ്ലിം ദേവാലയങ്ങള്‍ തുറക്കുന്നില്ലെന്ന് തീരുമാനിച്ചു. അങ്കമാലി രൂപത പള്ളികള്‍ തുറക്കുന്നില്ലെന്ന് തീരുമാനിച്ചു. ചില ക്ഷേത്രങ്ങള്‍ ഭരണ സമിതി കൂടി കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുറക്കുന്നില്ലെന്ന് തീരുമാനിച്ചു. അതിനെയെല്ലാം സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്. തുറക്കണമെന്ന നിര്‍ബന്ധ ബുദ്ധി സര്‍ക്കാരിനില്ല. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക അന്തരീക്ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക മാത്രമാണ് ചെയ്തത്.
കേന്ദ്രസര്‍ക്കാര്‍ കോവിഡ് വിഷയത്തില്‍ പുറപ്പടുവിച്ച മിക്ക ഉത്തരവുകളും സംസ്ഥാനം നടപ്പാക്കി. മെഴുകുതിരി കത്തിച്ചു. പാട്ട കൊട്ടി. അത്തരത്തില്‍ കേന്ദ്രത്തിന് സംസ്ഥാനവും പിന്തുണ കൊടുക്കുകയാണ് ചെയ്തത്. നിലവിലെ പ്രതികരണങ്ങള്‍ കാണുമ്പോള്‍ 30ന്റെ കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നപ്പോള്‍ തുറക്കുന്നില്ല എന്ന തീരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് ഇവര്‍ പ്രതീക്ഷിച്ചോ എന്നാണ് ന്യായമായും സംശയിക്കേണ്ടത്. അമ്പലങ്ങള്‍ എന്തുകൊണ്ട് തുറക്കുന്നില്ല എന്നും ബലം പ്രയോഗിച്ച് തുറന്നു കയറും എന്ന മട്ടിലാണ് കോണ്‍ഗ്രസ്സ് നേതാവ് മുരളീധരന്‍ മുമ്പ് പറഞ്ഞത്. സമൂഹ വ്യാപനത്തെ ഭയന്ന് സര്‍ക്കാര്‍ അമ്പലങ്ങള്‍ തുറക്കില്ലെന്ന ഇവര്‍ ധരിച്ചു. അങ്ങനെയെങ്കില്‍ ശബരിമല ആവര്‍ത്തിച്ചുകളയാമെന്നും ഇവര്‍ ഉന്നവെച്ചു.
സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് കേന്ദ്രനിര്‍ദേശം പാലിക്കുന്നതോടൊപ്പം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ട്. ഒരു സമയം 50 പേര്‍ മാത്രം തിരുമുറ്റത്ത്, വെര്‍ച്ച്വല്‍ ക്യൂ, സാനിറ്റൈസേഷന്‍ തുടങ്ങീ കര്‍ശന ഉപാധികളും അമ്പലങ്ങളുടെ കാര്യത്തിലും നടപ്പാക്കിയിട്ടുണ്ട്.
content highlights: kadakampally surendran Criticises V Muraleedharana and K Muraleedharan on temple opening controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..