തിരുവനന്തപുരം: ശ്രീനാരായണ ഗുരു തീര്‍ത്ഥാടന സര്‍ക്യൂട്ട് പദ്ധതി ഉപേക്ഷിച്ചതിന് കാരണം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഐ.ടി.ഡി.സിയുടെ വീഴ്ചയാണെന്ന് തുറന്നു സമ്മതിക്കാന്‍ കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ ആര്‍ജവം കാട്ടണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പണം ചെലവഴിക്കാത്തതാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണമെന്ന് പറയുമ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരല്ല, കേന്ദ്ര സ്ഥാപനമായ ഐടിഡിസിയാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെ പ്രതീക്ഷ പൊളിഞ്ഞതിന് ശ്രീനാരായണീയരോട് വിരോധം തീര്‍ക്കുന്നതിനാണ് ഗുരുവിന്റെ പേരിലുള്ള പദ്ധതി ഉപേക്ഷിച്ചതെന്ന് സംശയിക്കുന്നവരെ തെറ്റ് പറയാനാകില്ല. പദ്ധതി യാതൊരു കാരണവും വ്യക്തമാക്കാതെ ഉപേക്ഷിച്ചതിലൂടെ തികഞ്ഞ ഗുരുനിന്ദയാണ് കേന്ദ്രസര്‍ക്കാര്‍ കാട്ടിയതെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന വിനോദസഞ്ചാര വകുപ്പ് വഴി നടപ്പാക്കേണ്ട പദ്ധതി മാനദണ്ഡങ്ങള്‍ മറികടന്ന് ഐടിഡിസിയെ ഏല്‍പ്പിക്കുകയായിരുന്നു. അതില്‍ ദുരൂഹതയുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന ടൂറിസം വകുപ്പിന് ഈ പദ്ധതി നിര്‍വഹണത്തില്‍ ഒരു പങ്കാളിത്തവുമില്ലെന്ന് വ്യക്തമായിട്ടും രാഷ്ട്രീയ പ്രചാരണത്തിനായി വി മുരളീധരനും കെ സുരേന്ദ്രനും പച്ചക്കള്ളം പറയുകയാണെന്നും കടകംപള്ളി പറഞ്ഞു.
മറ്റ് കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന ആരോപണവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. 133ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള85.22കോടി രൂപയുടെ പദ്ധതിയാണ് ശ്രീനാരായണ സര്‍ക്യൂട്ടിനൊപ്പം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുന്നത്.ഈ പദ്ധതിക്കായി ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടില്ല. പദ്ധതി ഉപേക്ഷിച്ചതിലൂടെ കേന്ദ്രം ആരാധനാലയങ്ങളെ വഞ്ചിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് കരാറില്‍ ഏര്‍പ്പെട്ട ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പിന്മാറുന്നത്. ഈ തീരുമാനം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അതിനായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നാണ് പ്രതീക്ഷയെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
content highlights: Kadakampally Surendran Allegation Against Central Government, Sree Narayana Guru circuit