തിരുവനന്തപുരം: ദേവസ്വം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ തെറ്റിദ്ധരിപ്പിക്കുന്ന ശകുനിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്‍. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിരവധി  വീഴ്ചകള്‍ ഉണ്ടാവുന്നുണ്ട്. അതാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അതിനെതിരേയുള്ള കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന വീഴ്ചകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഉണ്ടാവുന്ന അസ്വസ്ഥതയില്‍ നിന്നുണ്ടാകുന്നതാണെന്ന് കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 

കേരളമെന്നാല്‍ പിണറായി വിജയനാണെന്ന ധാരണയാണ് കടകംപള്ളിക്കും മറ്റുമുള്ളത്. പിണറായിക്കെതിരേ മിണ്ടാന്‍ പാടില്ലെന്ന് വാദിക്കാനൊന്നും ഇവര്‍ക്ക് അധികാരമില്ല. ജനാധിപത്യ സമൂഹത്തില്‍ ആരേയും വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാട്ടുക എന്നത് പ്രതിപക്ഷത്തിന്റേയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടേയും കടമയാണ്. ഇത് മനസ്സിലാക്കി തെറ്റ്  തിരുത്തുന്നതിന് പകരം വിമര്‍ശിക്കുന്നവരെ അധിക്ഷേപിക്കാനാണ് കടകംപള്ളിയെ  പോലുള്ളവര്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോവിഡ് 19 ന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ  കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. എല്ലാ ദിവസവും ഗള്‍ഫ് ഗള്‍ഫ് എന്ന് പറയുന്ന പരിപാടി ഇനി നടക്കില്ല. കോട്ടയത്തേയും കാസര്‍കോടെയുമൊക്കെ പുതിയ വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഇതാണ് ചൂണ്ടിക്കാട്ടുന്നത്. അത് തങ്ങളുടെ  ഉത്തരവാദിത്വമാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.