കൊച്ചി: സോണിയാ ഗാന്ധിയുടെ നിര്‍ദേശമനുസരിച്ച് കോണ്‍ഗ്രസ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് തിരുവനന്തപുരത്തെത്തി ഹൈക്കമാന്‍ഡ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തും. ഇതിനായി അദ്ദേഹം  രാവിലെ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്‌. ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സോണിയാ ഗാന്ധിയുടെ ഇടപെടലുണ്ടായത്.

കോണ്‍ഗ്രസില്‍നിന്ന് അകന്ന കെ.വി. തോമസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായ പ്രചാരണം. തന്റെ നിലപാട് വ്യക്തമാക്കുന്നതിന് ശനിയാഴ്ച പത്രസമ്മേളനം വിളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിഷയത്തില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ടതോടെ ഇന്നലെ രാത്രി അദ്ദേഹം വാര്‍ത്താ സമ്മേളനം റദ്ദാക്കി. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനം നല്‍കി കെ വി തോമസിനെ അനുനയിപ്പിക്കും എന്നാണ് സൂചന.

അതിനിടെ, താന്‍ കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലന്ന് കെ വി തോമസ് പറഞ്ഞു. ചില സാമൂഹിക മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചാരണം വന്നു. പാര്‍ട്ടി വിടുമെന്ന രീതിയിലാണ് പ്രചാരണം വന്നത്. ഇതിനെതിരെ ഹൈക്കമാന്റില്‍ പരാതി നല്‍കും. സോണിയ പറഞ്ഞാല്‍ തനിക്ക് മറ്റൊന്നും ചിന്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികമാധ്യമങ്ങളിലൂടെ ദിവസവും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കെ.വി. തോമസ് കഴിഞ്ഞ ദിവസം പറഞ്ഞു. കൊച്ചി കോര്‍പ്പറേഷനില്‍ എഴുപത്തിനാല് ഡിവിഷന്‍ ഉണ്ടായിട്ട് ഒരുഡിവിഷനില്‍പോലും തന്റെ അഭിപ്രായം മാനിക്കാന്‍ തയ്യാറായില്ല. തന്റെ ജന്മനാട്ടിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍പോലും അകറ്റിനിര്‍ത്തി. ചില കാര്യങ്ങള്‍ തുറന്നുപറയാനുള്ളതുകൊണ്ടായിരുന്നു മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത്. സോണിയാഗാന്ധി വിളിച്ച സാഹചര്യത്തില്‍ തനിക്ക് കൂടുതലായി ഒന്നുംപറയാനില്ല. സോണിയ പറഞ്ഞാല്‍ താന്‍ പിന്നെ മറ്റുകാര്യങ്ങളൊന്നും ചിന്തിക്കില്ലെന്നും കെ.വി. തോമസ് പറഞ്ഞിരുന്നു.

Content Highlights: K.V. Thomas went to Thiruvananthapuram; He will meet with High Command delegation