തിരുവനന്തപുരം:  സത്യം മാത്രമേ ജയിക്കൂ എന്ന് ഫേയ്‌സ്ബുക്കില്‍ കുറിച്ച് മന്ത്രി കെ.ടി. ജലീല്‍. മന്ത്രി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിന് വിധേയനായതായുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്. 

'സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല', എന്നാണ് കെ.ടി. ജലീല്‍ ഫേയ്ബുക്കില്‍ കുറിച്ചത്. എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യംചെയ്യല്‍ സംബന്ധിച്ച് ഒന്നും പരാമര്‍ശിക്കാതെയായിരുന്നു ജലീലിന്റെ കുറിപ്പ്.

തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യംചെല്ലല്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. മാധ്യമങ്ങള്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചങ്കിലും ലഭ്യമായില്ല. തുടര്‍ന്നാണ്  രാത്രി 8.45 ഓടെ അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.

ജലീലിനെ ചോദ്യംചെയ്തതായുള്ള വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും ധാര്‍മികതയുണ്ടെങ്കില്‍ ജലീല്‍ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഇഡി ചോദ്യംചെയ്തതിന്റെ പേരില്‍ ജലീല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. ജലീല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ രാജിയെക്കുറിച്ച് ആലോചിക്കാമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള പ്രതികരിച്ചു.

Content Highlights: K. T. Jaleel's Facebook post After questioning of ED