മുഖ്യമന്ത്രി പിണറായി വിജയനും കെ.ടി. ജലീലും| ഫോട്ടോ: മാതൃഭൂമി
മലപ്പുറം: പി.കെ.കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ.ആര്‍. നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നുമുള്ള ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതിന് പിന്നാലെ പ്രതികരണവുമായി കെ.ടി. ജലീല്‍. ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസംവരെ തുടരുമെന്ന് ജലീല്‍ പറഞ്ഞു.
ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടുതന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.
മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്‍മാര്‍ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാമെന്നും കെ.ടി. ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും ഇഡിയുടെ ചോദ്യംചെയ്യലോടുകൂടി ജലീലിന് ഇഡിയില്‍ വിശ്വാസം കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സഹകരണ ബാങ്കില്‍ ഇഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാനത്തുതന്നെ സംവിധാനങ്ങളുണ്ടെന്നും ഇഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.
Content Highlights: K. T. Jaleel, Pinarayi Vijayan, ED probe against Kunhalikutty over black money allegations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..