മലപ്പുറം: മുസ്ലിം ലീഗില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എതിരേ എതിര്‍ ശബ്ദങ്ങള്‍ ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഇനി അടുത്ത ഉത്തരവാദിത്വത്തിലേക്ക് എന്ന് സൂചിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെ.ടി. ജലീല്‍. " സുപ്രഭാതം. സമൃദ്ധം സുന്ദരം. ഇനി അടുത്ത ഉത്തരവാദിത്വത്തിലേക്ക്" - എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ജമന്തി പൂക്കള്‍ക്ക് നടുവില്‍ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കെ.ടി. ജലീലിന്റെ പോസ്റ്റ്. 

നേരത്ത, കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം ലീഗില്‍ അവസാനിക്കുകയാണെന്ന് കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടി വായ തുറക്കാത്ത ലീഗിന്റെ ചരിത്രത്തിലെ ആദ്യ വാര്‍ത്താ സമ്മേളനമാണ് കോഴിക്കോട് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ലീഗ് നേതൃയോഗത്തിനുശേഷം മുസ്ലിം ലീഗ് നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശവുമായി ജലീല്‍ രംഗത്തെത്തിയത്.

ലീഗില്‍ ശുദ്ധികലശം നടത്തേണ്ടി വരും. എന്താണോ കേരളത്തിലെ ജനാധിപത്യ സമൂഹം ആഗ്രഹിച്ചത്, അതാണ് ഇപ്പോള്‍ നടന്നത്. മാഫിയ രാഷ്ട്രീയത്തിന് എതിരായിട്ടുള്ള ശക്തമായ ഒരു താക്കീത് തന്നെയാണ് ഇന്നത്തെ ലീഗ് നേതൃ യോഗത്തില്‍ ഉണ്ടായിട്ടുള്ളത്. കുഞ്ഞാലിക്കുട്ടി യുഗം ലീഗില്‍ അവസാനിക്കുകയാണെന്നും കെ.ടി ജലീല്‍ പറഞ്ഞിരുന്നു. 

Content Highlights: K T Jaleel Facebook post