തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ചുമതല ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം അലവന്‍സ് ആവശ്യപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ ബന്ധു അദീപ് നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. 1,10,000 രൂപ ശമ്പളം വാങ്ങുന്ന ഒരാള്‍ 86,000 രൂപയ്ക്ക് ജോലി എടുക്കാന്‍ ഡെപ്യൂട്ടേഷനില്‍ എത്തിയത് ബന്ധുവിന്റെ ത്യാഗമാണെന്ന മന്ത്രിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്. 

ബന്ധുവായ കെ.ടി അദീപിന്റെത് ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ത്യാഗമാണെന്നായിരുന്നു മന്ത്രി ജലീലിന്റെയും ചെയര്‍മാന്‍ അബ്ദുള്‍ വഹാബിന്റെയും വിശദീകരണം. അലവന്‍സ് പോലും വാങ്ങാാതെയാണ് അദീപ് സ്ഥാനം ഏറ്റെടുത്തതെന്ന വാദം പൊളിക്കുന്നതാണ് ഈ രേഖ. ജോലിയില്‍ പ്രവേശിപ്പിച്ച് ദിവസങ്ങള്‍ക്കകം അലവന്‍സുകള്‍ ആവശ്യപ്പെട്ട് കെ.ടി അദീപ് നല്‍കിയ അപേക്ഷയാണ് പുറത്തു വന്നത്. 

kt adeep

പത്രം വാങ്ങാന്‍ 550 രൂപ വിനോദ ആവശ്യങ്ങള്‍ക്ക് 500 രൂപ വാഹനവുമായി ബന്ധപ്പെട്ട അലവന്‍സ് 4250 രൂപ ഫര്‍ണിച്ചര്‍ അലവന്‍സ് 3000 രൂപ തുടങ്ങി ഒരു നീണ്ട പട്ടിക തന്നെ അലവന്‍സ് ആവശ്യപ്പെട്ടുകൊണ്ട് കെ.ടി അദീപ് നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ വര്‍ഷത്തില്‍ രണ്ടരലക്ഷം രൂപയുടെ അധിക അലവന്‍സും മന്ത്രി ബന്ധു ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇതോടെ ബന്ധു നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മന്ത്രി കെ.ടി ജലീല്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.