തിരുവനന്തപുരം:  കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ രാഷ്ട്രീയ നേതൃത്വത്തിലും ഉദ്യോഗസ്ഥ നേതൃത്വത്തിലുമെന്നതുപോലെ ജുഡീഷ്യറിയിലും ജീര്‍ണതയുണ്ടായിട്ടുണ്ടെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കെ സുരേഷ്‌കുമാര്‍. മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്ന് വരുന്ന പല വിധികളും വളരെ വിചിത്രമാണെന്ന് അദ്ദേഹം പറയുന്നു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കോടതിയില്‍ നിന്ന് വരുന്ന പല പരാമര്‍ശങ്ങളും ജുഡീഷ്യറിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജേക്കബ് തോമസിനെതിരെ  കോടതിയുടെ ഭാഗത്തുനിന്നുണ്ടായ പരാമര്‍ശങ്ങളെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജേക്കബ് തോമസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുണ്ടായ പരാമര്‍ശങ്ങള്‍ നോക്കിയാല്‍ നീതികരിക്കപ്പെട്ടതാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ നടന്നത് നല്ലൊരു അന്വേഷണമാണെന്നാണ് താന്‍ മനസിലാക്കുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മാധ്യമങ്ങളില്‍ വരികയും ചെയ്തതാണ്. അതുകൊണ്ട് ഒരുദ്യോഗസ്ഥന്‍ ഇത്ര നികൃഷ്ടമായ രീതിയില്‍ വിമര്‍ശിക്കപ്പെടേണ്ട അവസ്ഥ ഉണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

മൂന്നാര്‍ ദൗത്യകാലത്ത് 28 ദിവസം കൊണ്ട് 98 അനധികൃത കെട്ടിടങ്ങളാണ് ഇടിച്ചിട്ടത്. 16000 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുത്തു. ഇന്ന് ഏറ്റെടുത്ത ഭൂമി മറ്റുവല്ലവരുടെയും കൈയിലാണ്. ഇടിച്ചിട്ട കെട്ടിടങ്ങള്‍ക്ക് പകരം നിരവധി കെട്ടിടങ്ങള്‍ രണ്ടാമത് പണിയുകയും ചെയ്തു. സര്‍ക്കാരിന് വേണമെന്ന് തീരുമാനിച്ചാല്‍ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാമെന്ന് തെളിയിച്ചതാണ് ആ ദൗത്യമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. 

എന്നെ കൊന്നുകളയുമെന്ന് വരെ പറഞ്ഞവരുണ്ട്. പക്ഷെ ഞാനിപ്പോഴും ജീവനോടെ ഇരിക്കുന്നു. നമ്മുടെ നാട്ടില്‍ ആവശ്യത്തിന് നിയമങ്ങളുണ്ട്. അത് നടപ്പിലാക്കാനാവശ്യമായ ധൈര്യം ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയേ വേണ്ടുവെന്നും അദ്ദേഹം പറഞ്ഞു. 

സര്‍വീസില്‍ കയറിയ സമയത്ത്, അന്നുണ്ടായിരുന്ന രാഷ്ട്രീയ നേതാക്കള്‍ പൊതുവെ ജനങ്ങളുടെ വികാരങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നവരായിരുന്നു. അക്കാലത്തൊക്കെ ഉദ്യോഗസ്ഥര്‍ക്കും ശക്തമായ റോളുകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ഇക്കാര്യത്തില്‍ സാരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മറ്റൊരു പണിക്കും കൊള്ളാത്തവരുടെ തൊഴിലായി രാഷ്ട്രീയം മാറിയിരിക്കുന്നു. ജനങ്ങളുടെ താത്പര്യങ്ങളും ആവശ്യങ്ങളും മനസിലാക്കാത്ത ഒരുകൂട്ടം ആളുകളാണ് രാഷ്ട്രീയത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.

അതുകൊണ്ടാണ് ക്രിമിനല്‍ സ്വഭാവമുള്ളവര്‍ കൂടുതലായി രാഷ്ട്രീയത്തിലേക്കെത്തുന്ന അവസ്ഥ ഉണ്ടാകുന്നത്. അഴിമതി വ്യാപകമായി. അധികാരത്തിന്റെ മുഷ്‌ക് കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളെയാണ് ഇപ്പോള്‍ കാണുന്നത്. തന്റെ സുഹൃത്തുക്കള്‍ പലരും അതിന് കൂട്ടുനില്‍ക്കാന്‍ തയ്യാറാകുന്നതും കാണേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ സംവിധാനം തനിക്ക ശരിയാകില്ല എന്ന് കണ്ടതിനാണ് സ്വയം വിരമിച്ചതെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു.