തിരുവനന്തപുരം: ശബരിമല വിഷയത്തിലെ മലക്കം മറിച്ചില്‍ കൊണ്ട് സി.പി.എം. ചെയ്തത് വിശ്വാസികള്‍ മറക്കില്ലെന്ന്  ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിണറായി സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയാണെന്ന് ആരോപിച്ച്  ഒ.രാജഗോപാല്‍ എം.എല്‍.എ. നടത്തുന്ന ഉപവാസം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയിലെ വിലപ്പെട്ട ഭണ്ഡാരം അടക്കം ആക്രിയെടുക്കുന്നവര്‍ക്ക് നല്‍കി. ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ ചെയ്ത തെറ്റ് 18 തവണ പതിനെട്ടാം പടി ചവിട്ടിയാലും തിരുത്തപ്പെടില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ കാണിച്ച ക്രൂരതയ്ക്ക്, ആചാരലംഘനത്തിനായി സി.പി.എം. നടത്തിയ ഹീനമായ നീക്കങ്ങള്‍ക്ക് കാലം മാപ്പ് തരില്ല.  റോഡ് സൈഡില്‍ ഇരുന്ന് എം.എ. ബേബിയും  പാര്‍ട്ടി ഓഫീസിലിരുന്ന് വിജയരാഘവനും എത്ര മലക്കം മറിഞ്ഞാലും കേരളത്തിലെ  വിശ്വാസ സമൂഹം പൊറുക്കാന്‍ തയ്യാറല്ല. രാഷ്ട്രീയത്തില്‍  നിന്ന് ദേവസ്വം  ബോര്‍ഡുകളെ വിമുക്തമാക്കണം. അമ്പലങ്ങളിൽ നിന്ന് തട്ടിയെടുത്ത ഭൂമി തിരിച്ചുകൊടുക്കാന്‍ തയ്യാറുണ്ടോയെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികളെല്ലാം സെക്രട്ടറിയേറ്റ് നടയില്‍ കിടക്കുകയാണ്. നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്കെല്ലാം സര്‍ക്കാര്‍ ജോലി നല്‍കുകയാണ്. നവോത്ഥാന നേതാക്കന്‍മാരെന്ന് പറഞ്ഞ് നടന്ന എല്ലാ യുവജന നേതാക്കന്‍മാരുടെയും ഭാര്യമാരുടെ നവോത്ഥാനമാണ് ഇപ്പോൾ നടക്കുന്നത്. മലയാള നിഘണ്ടുവില്‍ ലജ്ജ എന്നൊരു വാക്കുണ്ട്. എന്നാല്‍ ഷംസീറിന്റെയും എം.ബി രാജേഷിന്റെയും സ്വരാജിന്റെയും ഒന്നും നിഘണ്ടുവില്‍ അങ്ങനെ ഒരു വാക്കില്ലെന്നും കെ.സുരേന്ദ്രന്‍. 

തൊഴിലാളി വര്‍ഗത്തിന്റെ വക്താക്കള്‍, വിപ്ലവകാരികള്‍ എത്ര നാണം കെട്ടും ഭാര്യമാര്‍ക്ക് ജോലി വാങ്ങിക്കൊടുക്കുകയാണ്. സ്വന്തം ഭാര്യയ്ക്ക് ജോലി കിട്ടാന്‍ എന്തും ചെയ്യുന്ന വൃത്തികെട്ട സംസ്‌കാരത്തിന്റ ഭാഗമായി മാറിയിരിക്കുകയാണ് അവര്‍. സ്വന്തം ഭാര്യയ്ക്ക് ജോലി ലഭിക്കാന്‍ വേണ്ടി എന്തും  ചെയ്യാന്‍  മടിയില്ലാത്ത നാണം കെട്ട നിങ്ങളാണോ കേരളത്തില്‍ നവോത്ഥാനം ഉണ്ടാക്കാന്‍ നടക്കുന്നത്. 

നേമം കേരളത്തിന്റെ രാഷ്ട്രീയ പരീക്ഷണ ശാലയാണ്. കേരളം എങ്ങോട്ട് പോകുമെന്ന് നേമം പറയും. ഞങ്ങളുടെ ഒരു എം.എല്‍.എ. ജയിച്ചാല്‍ കേരളത്തില്‍ എങ്ങനെ വികസനം കൊണ്ടുവരും എന്നതിന്റെ ഉദാഹരണമാണ് നേമം. പുരാണത്തില്‍ യാഗം മുടക്കാന്‍ രാക്ഷസന്‍മാര്‍ വരുന്നത് ഇടയ്ക്കിടെ കാണാം. അവസാനം  രാക്ഷസന്‍മാര്‍ക്ക് എന്ത് സംഭവിക്കുമെന്ന് നമുക്കറിയാവുന്നതല്ലേ. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ശിവന്‍കുട്ടി ശവംകുട്ടിയായി മാറും. ജനങ്ങളാണ് യജമാനന്‍മാര്‍.  ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ നഷ്ടമായ ക്ഷേത്രഭൂമി തിരിച്ചെടുക്കുമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. 

Content Highlight: K surendran statemet