കെ. സുരേന്ദ്രൻ | ഫോട്ടോ: ബിജു വർഗീസ്|മാതൃഭൂമി
തിരുവനന്തപുരം: വിശുദ്ധ ഖുറാനെ മുന്നില്‍വെച്ച് സ്വര്‍ണക്കടത്ത് കേസിനെ വര്‍ഗീയവത്കരിക്കാന്‍ സി.പി.എം ആസൂത്രിതമായ ശ്രമം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ഖുറാനെ അപമാനിച്ചതും പരിഹസിച്ചതും അതിനെ മറയാക്കി കള്ളക്കടത്തിന് കൂട്ടുനിന്നതും കെ.ടി ജലീലാണെന്നും സുരേന്ദ്രന് വ്യക്തമാക്കി. ഖുറാന് കൊണ്ടുവരുന്നത് നിയമവിരുദ്ധമാണോ എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് സുരേന്ദ്രന്റെ പ്രസ്താവന.
വിശുദ്ധ ഗ്രന്ഥത്തെ സിപിഎം രാഷ്ട്രീയമായി വേട്ടയാടുകയാണ്. ജലീലിനെ സി.പി.എം മതത്തിന്റെ പ്രതീകമായി ഉയര്‍ത്തി കാണിക്കുന്നു. സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടം കൊയ്യാമെന്ന വ്യാമോഹമാണ് സിപിഎമ്മിനും സര്‍ക്കാരിനുമുള്ളത്. ഈ വര്‍ഗീയ രാഷ്ട്രീയം സി.പി.എമ്മിന് വലിയ തിരിച്ചടി നല്‍കും. എന്‍.ഐ.എ ചോദ്യംചെയ്യലിന് ശേഷം താന്‍ വേട്ടയാടപ്പെടുകയാണെന്ന പ്രതീതി ജനിപ്പിക്കുന്ന ജലീലിന്റെ ഇരവാദം പരിതാപകരവും അപഹാസ്യവുമാണെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.
കേസിലെ വെറും സാക്ഷിയെന്ന ജലീലിന്റെയും സിപിഎമ്മിന്റേയും വാദം അടിസ്ഥാനരഹിതമാണ്. എന്‍.ഐ.എ ഉള്‍പ്പെടെയുള്ള ഒരു ഏജന്‍സിയും ജലീലിന് ക്ലീന്‍ ചീറ്റ് നല്‍കിയിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ ഇനിയും ജലീലിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കാം. എന്നാല്‍ അതെല്ലാം മറച്ചുവെച്ച് മതത്തിന്റെ അടിസ്ഥാനത്തില്‍ രക്തസാക്ഷി പരിവേഷം നേടാനുള്ള വിഫലശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി മാധ്യമങ്ങളുടെ വായ മൂടികെട്ടി അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ശ്രമിക്കുന്നത്. കിം ജോങ് ഉന്നിന്റെ പ്രേതമാണ് പിണറായിയെ വേട്ടയാടുന്നത്. സര്‍ക്കാര്‍ എത്ര കേസെടുത്താലും ജനങ്ങളുടെ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കും. സമരത്തെ പരാജയപ്പെടുത്താമെന്ന സി.പി.എമ്മിന്റെ ആഗ്രഹം കേരളത്തില്‍ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
content highlights: k surendran statement against state government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..