ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ | ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: ലോക്കർ തുറന്ന് വേണ്ടതെല്ലാം മാറ്റിയ ശേഷമാണ് ജയരാജന്റെ ഭാര്യ ഒരു പവനുളള മാലയുടെ തൂക്കം നോക്കിയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദൻ. ഒരു ലോക്കറിന്റെ കാര്യമല്ല. നാലു ലോക്കറിന്റെ കാര്യമാണ് അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നത്. അന്വേഷണം വരുന്നൂവെന്ന് കണ്ടത് കൊണ്ടാണ് തിടുക്കത്തിൽ ലോക്കറിലെത്തിയതെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ വലിയ തുക ജയരാജന്റെ മകൻ കൈപ്പറ്റി എന്ന് ആരോപണം ശക്തമായിരിക്കെയാണ് മന്ത്രിയുടെ ഭാര്യ ക്വാറന്റീൻ ലംഘിച്ച് ബാങ്കിലേക്ക് എത്തി ലോക്കർ തുറന്നത്. കോവിഡ് പോസിറ്റീവായ മന്ത്രിയെ പരിചരിക്കുന്നത് താനാണെന്ന് പറയുമ്പോൾ തന്നെയാണ് ക്വാറന്റീനിൽ കഴിയേണ്ട മന്ത്രിഭാര്യ തിടുക്കപ്പെട്ട് ബാങ്കിലേക്ക് എത്തിയതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
സ്വർണക്കടത്ത് കേസിലേക്ക് യുഎഇയെ വലിച്ചിഴക്കാനാണ് സിപിഎം ശ്രമിക്കുന്നത്. നയതന്ത്രബാഗിൽ സ്വർണം കടത്താൻ യുഎഇ കൂട്ടുനിന്നെന്ന് വരുത്തി തീർക്കാനാണ് ശ്രമം നടക്കുന്നത്.
കള്ളക്കടത്തിനെ മതപരമായ പ്രശ്നമാക്കി മാറ്റാനാണ് ജലീലിന്റെയും സിപിഎമ്മിന്റെയും ശ്രമം. ഖുറാൻ കൊണ്ടുവരുന്നതിന് ആരും എതിരല്ല, പക്ഷേ ഇതിന്റെ മറവിൽ കള്ളക്കടത്തിനാണ് നീക്കം നടക്കുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
എല്ലാറ്റിനേയും ന്യായികരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യായീകരിച്ച് പിണറായി വിജയൻ പരിഹാസ്യനാകുകയാണ്. ജലീലിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ക്ലീൻ ചിറ്റ് നൽകിയെന്നത് കള്ള വാർത്തയാണ്. മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം, മുഖ്യമന്ത്രിയുടെ മകളും സ്വപ്നയും നിരവധി വട്ടം ചർച്ച നടത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
ആശുപത്രിയില്‍ ചികിത്സ തേടിയ സ്വപ്‌നയ്‌ക്കൊപ്പം ആറ് വനിത പോലീസുകാരെ അയച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സ്വപ്‌നയ്‌ക്കൊപ്പം ആറ് വനിത പോലീസുകാര്‍ സെല്‍ഫിയെടുത്തുവെന്ന വാര്‍ത്ത ആശ്ചര്യകരമാണ്. സ്വപ്ന അന്വേഷണ സംഘങ്ങള്‍ക്ക് നല്‍കിയ മൊഴിയും മറ്റുവിവരങ്ങളും ശേഖരിക്കാന്‍ പോലീസുകാരെ സര്‍ക്കാര്‍ മനപൂര്‍വ്വം അയച്ചതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
content highlights: k surendran statement against state government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..