കെ സുരേന്ദ്രൻ, സജി ചെറിയാൻ | Photo: മാതൃഭൂമി
കോഴിക്കോട്: ഭരണഘടനയ്ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ലെന്നും മന്ത്രി പറയുന്നു. എന്നാൽ ഏത് ഭരണഘടനയാണ് സജി ചെറിയാൻ വായിച്ചതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
ഇന്ത്യൻ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാൾക്ക് ഒരുനിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ല. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് സജി ചെറിയാൻ. ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ് മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യൻ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാരൻ മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ് താനെന്ന് പിണറായി വിജയൻ മനസിലാക്കണം. സജി ചെറിയാനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഇല്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ വ്യക്തമാക്കി.
ജനങ്ങളെ കൊള്ളയടിക്കാൻ എഴുതിയതാണ് ഇന്ത്യൻ ഭരണഘടനയെന്നാണ് മന്ത്രി പറയുന്നത്. ഇത് അങ്ങേയറ്റം വിവരക്കേടും അശ്ലീലവുമാണ്. കോടതിക്കെതിരായ സിപിഎമ്മിന്റെ നിലപാട് മന്ത്രി ആവർത്തിക്കുന്നതും ഗൗരവതരമാണ്. പഞ്ചാബ് മോഡൽ പ്രസംഗത്തിനേക്കാൾ അപകടകരമാണ് സജി ചെറിയാന്റെ പ്രസംഗമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..