കെ.സുരേന്ദ്രൻ | ഫോട്ടോ: ബിജു വർഗീസ്മാതൃഭൂമി
പാലക്കാട്: സംസ്ഥാനത്തെ ക്രമസമാധാനനില തകർന്ന് തരിപ്പണമായെന്ന് ബി.ജ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണ്. പോലീസിന് ജാഗ്രത പാലിക്കാനായില്ല. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് ഇത്തരത്തിൽ പരാജയപ്പെടുകയാണെങ്കിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
ആർ.എസ്.എസ്. പ്രവർത്തകന്റെ കൊലപാതകം നടന്ന സ്ഥലം നേരത്തെ വർഗീയ സംഘർഷം ഉണ്ടായ സ്ഥലമാണ്. അവിടെ ജാഗ്രതാ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറായില്ല. ഇതാണ് വീണ്ടും ഒരു കൊലപാതകത്തിന് കാരണമായത്. ഒരു കേസിലും പ്രതിയല്ലാത്ത, തികച്ചും നിരപരാധികളായ ആർഎസ്എസ് പ്രവർത്തകരാണ് അതിദാരുണമായി കൊല്ലപ്പെടുന്നത്. പോലീസിന് കാര്യങ്ങളെ സംബന്ധിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.
പോലീസ് സ്റ്റേഷന് വളരെ അടുത്ത്, പട്ടാപ്പകൽ കടയിൽ വെച്ചാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. എന്തെടുക്കുകയായിരുന്നു പോലീസ്? ആയിരത്തോളം പോലീസുകാരെ ജില്ലയിലുടനീളം വിന്യസിച്ചു എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. പക്ഷെ, നേരത്തെ വർഗീയ കലാപം ഉണ്ടായ ഒരു സ്ഥലത്ത് ഒരു പോലീസുകാരനേയും വിന്യസിച്ചിട്ടില്ല എന്നതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? പോലീസിന്റെ വീഴ്ച അതീവ ഗൗരവതരമാണെന്നും സംസ്ഥാനത്തെ ക്രമസമാധാനനില തകർന്ന് തരിപ്പണമായെന്നും സുരേന്ദ്രൻ ആരോപിച്ചു.
സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്റെ തികഞ്ഞ പരാജയമാണ് കൊലപാതക പരമ്പരകളിലേക്ക് നയിച്ചത്. പോലീസിന് യാതൊരു ഇടപെടലും നടത്താൻ സാധിക്കുന്നില്ല. അക്രമസംഭവങ്ങൾ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും അറിയില്ലെങ്കിൽ ഇടപെടേണ്ട പോലെ ഇടപെടാനുള്ള സാഹചര്യം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതഭീകരവാദ ശക്തികളെ കൈയ്യയച്ച് സഹായിക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചുവരുന്നത്. രാഷ്ട്രീയ നിലപാടാണത്. മതഭീകരവാദികളുമായി ചേർന്ന് രാഷ്ട്രീയ സഖ്യം ഉണ്ടാക്കുന്നതിന്റെ ഫലമായിട്ടാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. പോപുലർ ഫ്രണ്ടുമായി ഒരു സമാധാന ചർച്ചയുമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
Content Highlights: K Surendran statement about the Palakkad murder
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..