കെ. സുരേന്ദ്രൻ | ഫയൽ ചിത്രം/ രാമനാഥ് പൈ
തിരുവനന്തപുരം: രാഹുൽ ഗാന്ധി അയോഗ്യനായതോടെ കേരളത്തിലും കോൺഗ്രസ്- സിപിഎം സഖ്യം നിലവിൽ വന്നുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട് തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കാൻ ഇരുകൂട്ടരും തയ്യാറാകണമെന്നും നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരേ അഴിമതിക്കാരെല്ലാം ഒന്നിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കോഴിക്കോട് റെയിൽവെ സ്റ്റേഷനിലേക്ക് ആക്രമണം അഴിച്ചുവിട്ട കോൺഗ്രസുകാർ യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തിയതെന്നും റെയിൽവെ സ്റ്റേഷനിലെ പ്രധാനമന്ത്രിയുടെ പടം കീറുകയും ആർ.പി.എഫുകാരെ ആക്രമിക്കുകയും ചെയ്ത കോൺഗ്രസുകാർ രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതാക്കൾ കലാപാഹ്വാനം നടത്തുന്ന ചിത്രങ്ങള്‍ സാമൂഹ്യമാദ്ധ്യങ്ങളിൽ പോസ്റ്റ് ചെയ്ത് വെല്ലുവിളിക്കുകയാണ്. പോലീസ് പൂർണമായും നിഷ്ക്രിയമായിരിക്കുകയാണ്. സിപിഎമ്മിന്റെ സഖ്യക്ഷിയായതുകൊണ്ടാണോ പൊലീസ് കോൺഗ്രസിന്റെ അഴിഞ്ഞാട്ടത്തിനെതിരെ നടപടിയെടുക്കാത്തതെന്ന് മുഖ്യമന്ത്രി പറയണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ കോടതികൾക്ക് വിശ്വാസതയില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ജുഡീഷ്യറിയേയും ഭരണഘടനയേയും അപമാനിക്കുന്നത് കോൺഗ്രസ് അവസാനിപ്പിക്കണം. ഇലക്ഷൻ കമ്മീഷനിൽ വിശ്വാസമില്ല, ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വിശ്വാസമില്ല, ഇപ്പോൾ കോടതിയിലും വിശ്വാസമില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ്. ജനങ്ങൾക്ക് കോൺഗ്രസിലാണ് വിശ്വാസമില്ലാത്തതെന്ന് ഇനിയെങ്കിലും കോൺഗ്രസ് നേതാക്കൾ മനസിലാക്കണം. പിന്നാക്ക സമുദായത്തെ അവഹേളിച്ചതിനാലാണ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തത്. പിന്നാക്കക്കാർക്കെതിരെ എന്തുമാവാം എന്ന വിചാരം രാഹുൽ ഗാന്ധിക്ക് വേണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Content Highlights: k surendran statement about rahul gandhi's disqualification
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..