തിരുവനന്തപുരം: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കാത്തത് നീതീകരിക്കാനാകില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ നടപടിമൂലം കേരളം മറ്റ് സംസ്ഥാനങ്ങളുടെ മുന്നില്‍ അവമതിക്കപ്പെട്ടുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കഴിഞ്ഞ യോഗത്തില്‍ പങ്കെടുത്തത് കൊണ്ടാണ് ഈ യോഗത്തില്‍ പങ്കെടുക്കാത്തത് എന്നത് ശരിയല്ല. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ മറ്റ് മുഖ്യമന്ത്രിമാരെ കേള്‍ക്കാന്‍ തയാറാകാത്തതില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കൊറോണ വൈറസ് ബാധിതരായ രോഗികളുടെ വിവരങ്ങൾ ചോര്‍ന്നത് മനപൂര്‍വ്വമാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഡാറ്റ ചോര്‍ച്ച ചില ആളുകളെ സഹായിക്കാനാണ്. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.ഡാറ്റ ചോര്‍ച്ച യാദൃശ്ചികമെന്ന കരുതാന്‍ സാധിക്കില്ല. ഇത് സ്പ്രിംക്ലറിനെ സഹായിക്കാനുള്ള നടപടിയാണ്- കെ.സുരേന്ദ്രന്‍ പറഞ്ഞു. 

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ രോഗികളുടേയും നിരീക്ഷണത്തിലുള്ളവരുടേയും മുഴുവന്‍ വിവരങ്ങളും ചോര്‍ന്നതായാണ് വിവരം. സ്വാഭാവികമല്ലേ എന്ന ആരോഗ്യമന്ത്രിയുടെ പ്രതികരണം നിരുത്തരവാദപരമായി പോയി എന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ അത് തള്ളിക്കളയാന്‍ സാധിക്കില്ല. ഡാറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഉയരുന്ന വിഷയങ്ങളെ സംസ്ഥാനസര്‍ക്കാര്‍ ലാഘവത്തോടെ കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: k surendran slams on government on data leakage