കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് തുടരുമെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.  ജനതാത്പര്യം മാനിച്ച് കേസ് പൂര്‍ത്തിയാക്കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 

സാക്ഷികളെ തടഞ്ഞു വെച്ചും നോട്ടിസ് നല്‍കാന്‍ പോലും സമ്മതിക്കാതെയും കേസ് നീട്ടിക്കൊണ്ടു പോവാനാണ് ഇരുമുന്നണികളുടെയും ശ്രമം. തെരഞ്ഞെടുപ്പ് മുതലുള്ള അവിശുദ്ധ ബന്ധം ഇവര്‍ തുടരുകയാണ്.

തെരഞ്ഞെടുപ്പ് വൈകുന്നത് കേസ് കാരണമാണ് എന്നു പറയുന്നവര്‍ കേസ് പൂര്‍ത്തിയാക്കാന്‍ സഹകരിക്കുകയാണ് വേണ്ടത്, എന്നാല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

ഇനിയും 67 ഓളം സാക്ഷികളെ വിസ്തരിക്കാനുണ്ട്. തടഞ്ഞുവെച്ച സാക്ഷികളെ വെറുതേ വിടണം. കേസില്‍ 75 ശതമാനം തെളിവുകളും സാക്ഷികളും വിസ്തരിച്ചിട്ടുണ്ട്. ബാക്കിയുള്ള സാക്ഷികളെ കൂടി വിസ്തരിച്ചു കഴിയുമ്പോഴേക്കും കേസ് വിജയിക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു