പത്തനംതിട്ട: തനിക്കെതിരായ പോലീസ് നടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ സുരേന്ദ്രന്‍. സിപിഎമ്മിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരായ അറസ്‌റ്റെന്നും തനിക്ക് ജയിലില്‍ പോകാന്‍ ഭയമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശേഷം കൊട്ടാരക്കര സബ്ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഒരായുസ്സ് മുഴുവന്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് സിപിഎമ്മിന്റെ രാഷ്ട്രീയ പ്രേരിത നടപടിയാണ്. കഴിഞ്ഞ ദിവസം മുതല്‍ തനിക്കെതിരെയുള്ള മറ്റു കേസുകള്‍ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മനപ്പൂര്‍വ്വമുള്ള പ്രതികാര നടപടിയാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അറസ്റ്റ് ചെയ്ത തന്നെ പോലീസ് മര്‍ദ്ദിച്ചു. മൂന്നുമണിക്ക് ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റേണ്ട കാര്യമില്ലായിരുന്നു. പുറമെ മുറിവുകള്‍ ഇല്ലെങ്കിലും മര്‍ദ്ദനമേറ്റതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ഇരുമുടിക്കെട്ട് ജയിലില്‍ സൂക്ഷിക്കാനും പ്രാര്‍ഥന നടത്താനുമുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.