കോഴിക്കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് സി.പി.എമ്മും മുസ്ലീംലീഗും ചേര്‍ന്ന് വൈകിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സാക്ഷികളെ ഭീഷണിപ്പെടുത്തിയും തടഞ്ഞുവെച്ചും ഇരുപാര്‍ട്ടികളും മന:പൂര്‍വ്വം കേസ് വൈകിപ്പിക്കുകയാണെന്നും കോടതി ജീവനക്കാരെ പോലും അവര്‍ ഭീഷണിപ്പെടുത്തുകയാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍നിന്ന് സ്വമേധയാ പിന്മാറില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ മാതൃഭൂമിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

കേസില്‍ ബി.ജെ.പി വിജയിക്കരുതെന്നാണ് സി.പി.എമ്മിന്റെയും ലീഗിന്റെയും ആഗ്രഹം. കേസുമായി ബന്ധപ്പെട്ട 75 ശതമാനം തെളിവുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ ബാക്കിയുള്ള സാക്ഷികളെ ഇരുപാര്‍ട്ടികളും തടഞ്ഞുവെച്ചിരിക്കുകയാണ്. അവരെ സ്വതന്ത്രമാക്കിയാല്‍ കേസ് വേഗത്തില്‍ പൂര്‍ത്തിയാക്കാനാകും- കെ. സുരേന്ദ്രന്‍ പറഞ്ഞു. 

എതിര്‍സ്ഥാനാര്‍ഥി മരിച്ചതിനാല്‍ കേസ് അവസാനിപ്പിക്കേണ്ട ആവശ്യമില്ല. പി.ബി. അബ്ദുറസാഖും താനും തമ്മിലുള്ള വ്യക്തിപരമായ കേസല്ല ഇതെന്നും ഒരു തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ വ്യക്തമായ ഉദാഹരണമാണ് മഞ്ചേശ്വരത്ത് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിലെ എതിര്‍ കക്ഷി പി.ബി. അബ്ദുറസാഖ് അന്തരിച്ചതിനെ തുടര്‍ന്ന് കേസ് തുടരാന്‍ താത്പര്യമുണ്ടോയെന്ന് നേരത്തെ ഹൈക്കോടതി കെ. സുരേന്ദ്രനോട് ആരാഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അട്ടിമറിച്ച സംഭവമായതിനാല്‍ കേസ് തുടരുമെന്നും സ്വമേധയാ പിന്‍വലിക്കില്ലെന്നുമാണ് അദ്ദേഹം ഹൈക്കോടതിയെ അറിയച്ചത്. കേസില്‍ ആര്‍ക്കും കക്ഷി ചേരാമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ഇനി ഡിസംബര്‍ മൂന്നിന് പരിഗണിക്കും.

 

Content Highlights: manjeshwar election case, k surendran, k surendran facebook, k surendran video, k surendran news,