പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്കുള്ള യാത്രാമധ്യേ പോലീസ് അറസ്റ്റ് ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റാണ് റിമാന്‍ഡ് ചെയ്തത്. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലെത്തിച്ചു.

ശനിയാഴ്ച രാത്രിയാണ് നിലയ്ക്കലില്‍നിന്ന് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍കരുതലെന്ന നിലയിലാണ് നിലയ്ക്കല്‍ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം രാത്രി 7.30-ന് സുരേന്ദ്രനെയും കൂടെയുണ്ടായിരുന്ന രണ്ടുപേരെയും അറസ്റ്റു ചെയ്തത്. സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍ഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയത്.

അജി എരുമേലി, സന്തോഷ് മടുക്കോലി എന്നിവരാണ് സുരേന്ദ്രനൊപ്പം അറസ്റ്റിലായത്. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇവരെ പുലര്‍ച്ചെ 3.30 ഓടെ വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ വൈദ്യപരിശോധന നടത്തിയ ശേഷം ഏഴുമണിയോടെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. ചിറ്റാര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധവും നടന്നു.

നേരം പുലരുന്നതോടെ പ്രതിഷേധം കനക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പുലര്‍ച്ചെ അറസ്റ്റ് രേഖപ്പെടുത്തി ആറ് മണിയോടെ തന്നെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കാന്‍ തീരുമാനിച്ചത്. കെ.സുരേന്ദ്രനെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ ശനിയാഴ്ച രാത്രി സെക്രട്ടേറിയറ്റിനു മുന്നിലേക്കു നടത്തിയ പ്രകടനം സംഘര്‍ഷത്തിലാണ് അവസാനിച്ചത്.

രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മാധ്യമങ്ങളോട് പ്രതികരിച്ച സുരേന്ദ്രന്‍ തന്നെ പോലീസ് മര്‍ദിച്ചുവെന്നും മരുന്നു കഴിക്കാന്‍ അനുവദിച്ചില്ലെന്നും പറഞ്ഞിരുന്നു. വെള്ളം കുടിക്കാന്‍ അനുവദിച്ചില്ല. ഇരുമുടിക്കെട്ട് നിലത്തിട്ട് ചവിട്ടി തുടങ്ങിയ പരാതിയും സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞു. കൊടുംകുറ്റവാളിയോട് ചെയ്യുന്നത് പോലെയാണ് പോലീസ് പെരുമാറിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

Content Highlights: K Surendran remanded for 14 days, Sabarimala Women Entry, Sabarimala protest