ആലപ്പുഴ: വിജിലന്‍സിലും ഞങ്ങളുടെ ആളുകളാണെന്നാണ് പറയുന്നതെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചിട്ട് മൂന്നു മാസത്തേക്ക് ആ കസേര തന്നെ ഏല്‍പ്പിക്കുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ബിജെപിക്കാരെ സഹായിക്കാനാണ് വിജിലന്‍സിലെ ചിലര്‍ കെഎസ്എഫ്ഇ റെയ്ഡ് നടത്തിയതെന്ന ആരോപണം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ ഏജന്‍സികളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമമാണ് ധനമന്ത്രി തോമസ് ഐസക് നടത്തുന്നത്. തന്റെ വകുപ്പില്‍ നടക്കുന്ന എല്ലാ അഴിമതി കേസുകളും  തോമസ് ഐസക് അട്ടിമറിക്കുകയാണ്. ട്രഷറിയില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ് തോമസ് ഐസക് ചെയ്തത്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു. 

ചിട്ടി തട്ടിപ്പിന്റെ കാര്യത്തിലും സമാനമായ നിലപാടാണ് തോമസ് ഐസക് സ്വീകരിക്കുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട് എല്ലാറ്റിലും അഴിമതിയാണ്. അഴിമതികളെല്ലാം പിടിക്കപ്പെടുമെന്ന വേവലാതിയാണ് തോമസ് ഐസകിനെ വേട്ടയാടുന്നത്. അഴിമതിയുടെ കാര്യത്തില്‍ തോമസ് ഐസകും മുഖ്യമന്ത്രിയും മത്സരിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം ചോര്‍ത്തിക്കൊടുക്കുന്നത് തോമസ് ഐസക് ആണെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. വിജിലന്‍സിനെ ഉപയോഗിച്ച് തന്നെ കുടുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതായി തോമസ് ഐസക്കും കരുതുന്നു. കള്ളി വെളിച്ചത്തായപ്പോള്‍ പരസ്പരം പാരവെക്കുകയാണ് രണ്ടുപേരും. 

കേരളത്തിലെ ജനങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന കൈക്കോടാലിയാണ് തോമസ് ഐസക്കെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അഴിമതിക്കാരനായ മന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല. അഴിമതിക്കാര്‍ക്ക് എന്ത് മാന്യതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. വാ പോയ കത്തിയാണ് സുരേന്ദ്രന്‍ എന്ന തോമസ് ഐസക്കിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Content Highlights: K Surendran reacts against Thomas Isaac on KIIFB issue