തിരുവനന്തപുരം: സി.പി.എം. പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതൃത്വത്തിന് പങ്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വ്യാപകമായ വിഭാഗീയതക്ക് ഈ കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് പുറത്തുവരണം. കൊലപാതകത്തിന് പിന്നില്‍ സിപിഎം നേതൃത്വത്തിന്റെ വ്യക്തമായ ആസൂത്രണവും ഗൂഢാലോചനയുമുണ്ടെന്നാണ് സംശയിക്കുന്നത്. അതുകൊണ്ടാണ് കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകനായ ഒരു കൊലയാളി കേസുമായി ബന്ധപ്പെട്ട് വരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

''കേസില്‍ അറസ്റ്റിലായ നന്ദു അജി, വിഷ്ണുകുമാര്‍ എന്നിവര്‍ അറിയപ്പെടുന്ന ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരാണ്. നന്ദുവിന്റേയും വിഷ്ണുവിന്റേയും സിപിഎം പശ്ചാത്തലം പകല്‍പോലെ വ്യക്തമാണ്. അവര്‍ പാര്‍ട്ടി ക്ലാസുകളില്‍ പോകുന്നവരാണ്. ഡിവൈഎഫ്‌ഐയുടെ ഉത്തരവാദിത്വങ്ങളില്‍ ഇരിക്കുന്നവരാണ്. പിതാവ് ബ്രാഞ്ച് കമ്മറ്റി മെമ്പറും പാര്‍ട്ടി അംഗവുമാണ്. കേസിലുള്‍പ്പെട്ട പ്രമോദ് പ്രസന്നന്‍ പ്രധാനപ്പെട്ട സിപിഎം പ്രവര്‍ത്തകനാണ്.''

കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഫൈസലിന്റെ രാഷ്ട്രീയ പശ്ചാത്തലവും ക്രിമിനല്‍ പശ്ചാത്തലവും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നത് തന്നെയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഈ കൊലപാതകം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ അറിഞ്ഞുകൊണ്ട് നടത്തിയ കൊലപാതകമാണ്. അതുകൊണ്ടാണ് ആദ്യം ഗുണ്ടാ സംഘങ്ങളെന്ന് എഴുതിയ ഡിവൈഎഫ്‌ഐ നേതാവ് പോസ്റ്റ് പിന്‍വലിച്ച് സിപിഎം നേതാക്കളുടെ ആജ്ഞ അനുസരിച്ച് കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് മാറ്റി എഴുതിയതെന്നും അദ്ദേഹം പറഞ്ഞു.

ഈ കൊലപാതക കേസിന്റെ വിശദാംശങ്ങള്‍ നന്നായി പോലീസ് അന്വേഷിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് നിശാന്തിനിക്കെതിരേ വ്യാപകമായ സൈബര്‍ ആക്രണണം നടത്തുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: K Surendran raise allegations against CPM behind Sandeep murder case