തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു കൊലക്കേസിലെ പ്രതിയാണെന്നും ഇത്തരത്തില്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളയാളാണോ അമിത്ഷായ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍  കെ. സുരേന്ദ്രന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രിയ്‌ക്കെതിരെ കെ. സുരേന്ദ്രന്‍ ആഞ്ഞടിച്ചത്. 

സിബിഐ കേസെടുത്തപ്പോള്‍ കേരളത്തിലെ നേതാക്കളെപ്പോലെ അമിത് ഷാ നെഞ്ചുവേദന അഭിനയിച്ചില്ലെന്നും കെ. സുരേന്ദ്രന്‍ പരിഹസിച്ചു.

മന്ത്രിമാര്‍ തലയില്‍  മുണ്ടിട്ട് അര്‍ധ രാത്രിയില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരായ സംഭവങ്ങള്‍ ഉണ്ട്. അമിത് ഷാ നേരിട്ട് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരായി. അദ്ദേഹത്തെ നാല് ദിവസം കസ്റ്റഡിയില്‍വെച്ചു.  ചോദ്യം ചെയ്യാനായി കോടതിയില്‍ ഒരു ദിവസത്തെ പോലും കസ്റ്റഡി ആവശ്യപ്പെട്ടിട്ടില്ല. നാല് ദിവസം കസ്റ്റഡിയില്‍വെച്ചു എന്നുള്ളത് ശരിയാണ്. പക്ഷേ അദ്ദേഹം സ്വയമേധയാ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരാകുകയാണ് ചെയ്തത്.  

അമിത്ഷായുടെ കേസിനെ കുറിച്ച് ഇപ്പോഴും ആരോപണം ഉന്നയിക്കുകയാണ് പിണറായി വിജയന്‍. അമിത് ഷായെ വെറുതെ വിട്ടുകൊണ്ട് സിബിഐ രാഷ്ട്രീയ പ്രേരിതമായി എടുത്ത കേസാണിതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്ന ഒരു ആരോപണവും തെളിയിക്കാൻ സിബിഐയ്ക്ക് കഴിഞ്ഞില്ല.  പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രി വിളിച്ചു എന്ന ആരോപണത്തിനും ഒരു തെളിവും ഹാജരാക്കാന്‍ സാധിച്ചിട്ടില്ല.  

കോണ്‍ഗ്രസ് പോലും അത്തരം ആരോപണം ഉന്നയിക്കുന്നില്ല. സിപിഎം മലബാറില്‍ എസ്ഡിപിഐയായി  മാറിയിരിക്കുകയാണ്. എന്നിട്ടാണ് പിണറായി വിജയന്‍ അമിത്ഷായെ വര്‍ഗീയവാദി എന്നുവിളിക്കുന്നത്. 

കേരളത്തിലെ പൊതുസമൂഹം ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യങ്ങളാണ് അമിതാ ഷാ പിണറായിയോട് ചോദിച്ചത്.  സ്വപ്‌ന സുരേഷിനെ നിയമിച്ചത് ആഭ്യന്തര മന്ത്രി അമിത് ഷാ ആണോ മുഖ്യമന്ത്രി പിണറായി വിജയനാണോ എന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു. 

Content Highlight: K surendran press meet against Pinarayi Vijayan