തിരുവനന്തപുരം:  കോവിഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അനാവശ്യ ഭീതി പരത്തുന്നുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.മുഖ്യമന്ത്രി ഇടക്കിടയ്ക്ക് അനാവശ്യമായി പ്രധാനമന്ത്രിക്ക് കത്തയക്കുന്നതായും പരിഭ്രാന്തി പരത്താന്‍ മുഖ്യമന്ത്രി ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും സുരേന്ദ്രന്‍ പറഞ്ഞു. 

സംസ്ഥാനത്ത് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് കഴിഞ്ഞ ഡിസംബര്‍ 13ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രത്യേക മുന വെച്ചാണ് ആവശ്യത്തിന് വാക്‌സിന്‍ ഇല്ലെന്ന് പറഞ്ഞ് കേന്ദ്രത്തിന് കത്തയക്കുന്നത്. മുഖ്യമന്ത്രിയെപ്പോലെ ഉത്തരവാദിത്ത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ആള്‍ ഇത്തരം രാഷ്ട്രീയ പ്രചാരണം നടത്തുന്നത് ശരിയല്ല. പതിവുപോലെ ഒരു കാര്യവും ചെയ്യാതെ കത്തയക്കുക, ജനങ്ങളില്‍ ഭീതി പരത്തുക, അനാവശ്യമായി ജനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുക, അതിനിടയില്‍ കുടി കേന്ദ്ര വിരുദ്ധ രാഷ്ട്രീയം ശക്തിപ്പെടുത്താമോയെന്ന് നോക്കുക. .

ആപത്ഘട്ടത്തില്‍ ഒരു ഭരണാധികാരിയും ചെയ്യാന്‍ പാടില്ലത്ത കാര്യമാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മെയ് ഒന്നു മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സില്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അനാവശ്യ ഭീതി പരത്തുകയാണ് മുഖ്യമന്ത്രി.

അവശ്യത്തിന് വാക്‌സിന്‍ കൈയിലുള്ളപ്പോള്‍ 13 ശതമാനം മാത്രമാണ് സര്‍ക്കാര്‍ വാക്‌സിനേഷന്‍ നടത്തിയത്. തിരഞ്ഞെടുപ്പും പ്രചാരണവും നടന്ന സമയത്ത് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതിരുന്നവരാണ് അനാവശ്യ പ്രചാരണവുമായി രംഗത്ത് വരുന്നത്. ഇത്തരം പ്രചാരണങ്ങള്‍ കേരളത്തെ ദേശീയ മുഖ്യധാരയില്‍ നിന്ന് ഒറ്റപ്പെടുത്താനെ ഉപകരിക്കുകയുള്ളുവെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രചാരണം ഏറ്റുപിടിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകരുത്. പിണറായി സര്‍ക്കാരിനേ പോലെയല്ല പറയുന്ന കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാരാണ് മോദിയുടെതെന്നും സുരേന്ദ്രൻ പറഞ്ഞു. 

Content Highlight:  K. surendran press meet against CM Pinarayi Vijayan