കെ.സുരേന്ദ്രൻ | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി
തിരുവനന്തപുരം: സ്പ്രിംക്ലര്‍ ഇടപാടിലെ അഴിമതി പുറത്തായപ്പോള്‍ കുറ്റക്കാരന്‍ ഐ.ടി. സെക്രട്ടറി മാത്രമാണെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ശ്രമിക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ഓഫീസും സി.പി.എമ്മും അറിഞ്ഞു കൊണ്ടുള്ള വലിയ ഇടപാടാണിതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും വഴിവിട്ട ഇടപാടുകളുടെ കേന്ദ്രമായിരിക്കുകയാണ്. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടാണ് സ്പ്രിംക്ലര്‍ കമ്പനിയുമായി ഐ.ടി. സെക്രട്ടറി ഒപ്പുവച്ചിരിക്കുന്നത്. കോവിഡ്-19 പ്രതിസന്ധിയില്‍ സംസ്ഥാനം ആശങ്കയിലായിരിക്കുമ്പോഴും വഴിവിട്ട ഇടപാടിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കുകയാണുണ്ടായത്.
മുഖ്യമന്ത്രിയുടെ ഓഫീസിനൊപ്പം സി.പി.എമ്മിനും ഈ ഇടപാടില്‍ പങ്കുണ്ട്. വലിയ തോതിലുള്ള സാമ്പത്തിക ഇടപാട് സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്ന് വേണം കരുതാന്‍. മന്ത്രിസഭയോ മറ്റ് വകുപ്പുകളോ ഘടക കക്ഷികളൊ ഈ കരാറിനെ കുറിച്ച് അറിഞ്ഞിട്ടില്ല. നിയമപ്രകാരം സ്വീകരിക്കേണ്ട നടപടികളും കരാര്‍ ഒപ്പിടുന്നതിന് മുമ്പ് സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയും പാര്‍ട്ടിയും മാത്രം അറിഞ്ഞു കൊണ്ടാണ് ഐ.ടി. സെക്രട്ടറിയെ കൊണ്ട് ഈ ഇടപാട് നടത്തിയിരിക്കുന്നത്.
കോവിഡ് പ്രതിസന്ധി മറികടക്കാന്‍ രാഷ്ട്രീയാതീതമായി ജനങ്ങള്‍ എല്ലാം ഒറ്റക്കെട്ടായി നില്‍ക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കോവിഡ്-19 മറയാക്കി അഴിമതി നടത്തുകയാണുണ്ടായത്. ആരോപണങ്ങള്‍ക്ക് മതിയായ മറുപടി പോലും നല്‍കാന്‍ മുഖ്യമന്ത്രിക്കായിട്ടുമില്ല. ജനങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ അവരെയാകെ വിഡ്ഢികളാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
content highlights: k surendran on sprinklr deal controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..