തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ ദുരൂഹ മരണത്തെ കുറിച്ച് തനിക്കറിയില്ലെന്ന് ബി.ജെ.പി. അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അദ്ദേഹം തന്നെ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

"ആദ്യം പിണറായി വിജയന്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടി പറയട്ടെ. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കുമല്ലോ സംസാരിക്കുന്നത്. അതുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തും", സുരേന്ദ്രന്‍ പറഞ്ഞു.

ഞായറാഴ്ച നടന്ന വിജയയാത്ര സമാപന വേദിയില്‍വെച്ചാണ് അമിത് ഷാ ദുരൂഹമരണ പരാമര്‍ശം നടത്തിയത്. ഡോളര്‍-സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. 'ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരു മരണത്തെ കുറിച്ച് അന്വേഷണം നടത്തിയോ' എന്നായിരുന്നു ഷായുടെ ചോദ്യം.

content highlights: k surendran on amit shah's suspicious death remark