തിരുവനന്തപുരം: പുനഃസംഘടനയ്ക്ക് ഒരുമാസം മാത്രം ബാക്കിനില്‍ക്കെ പി.എസ്. ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറാക്കുമ്പോള്‍ സംസ്ഥാനത്ത് ബി.ജെ.പി.യുടെ പുതിയ അധ്യക്ഷന്‍ ആരെന്ന ചോദ്യമുയരുന്നു. ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രനും എം.ടി. രമേശിനും വേണ്ടി ഇതിനകംതന്നെ ഗ്രൂപ്പുകള്‍ രംഗത്തെത്തി.

14 മാസത്തിനിടെ ലോക്സഭാ തിരഞ്ഞടുപ്പിലും ആറു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളിലും ശബരിമല പ്രക്ഷോഭത്തിലും പാര്‍ട്ടിയെ നയിച്ച ശ്രീധരന്‍ പിള്ളയുടെ പിന്‍ഗാമിയാരെന്ന ചോദ്യത്തിന് വൈകാതെ ഉത്തരമുണ്ടാകുമെന്നാണ് ദേശീയനേതൃത്വം നല്‍കുന്ന സൂചന.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴാണ് അധ്യക്ഷസ്ഥാനത്തുനിന്നു മാറ്റി കുമ്മനത്തെ മിസോറം ഗവര്‍ണറാക്കിയത്. തുടര്‍ന്ന് ആരാകും അധ്യക്ഷനെന്ന തര്‍ക്കം മാസങ്ങളോളം നീണ്ടു. വി. മുരളീധരന്‍ പക്ഷം കെ. സുരേന്ദ്രനും പി.കെ. കൃഷ്ണദാസ് പക്ഷം എം.ടി. രമേശിനും വേണ്ടി നിലയുറപ്പിച്ചതോടെ തര്‍ക്കം രൂക്ഷമായി. ഇതോടെയാണ് ഗ്രൂപ്പുകള്‍ക്ക് അതീതനായ ശ്രീധരന്‍ പിള്ളയെ അധ്യക്ഷനാക്കിയതും 2018 ഓഗസ്റ്റ് രണ്ടിന് അദ്ദേഹം ചുമതലയേറ്റതും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍പ്പോലും ജയിക്കാനാവാത്തതും ഉപതിരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടിയും അദ്ദേഹത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. എന്നാല്‍, പുനഃസംഘടനയോടെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അടുത്തമാസം പുനഃസംഘടന വരുമ്പോള്‍ ശ്രീധരന്‍ പിള്ളയ്ക്കു പകരം പുതിയ ആള്‍ വരുമെന്നുറപ്പായിരുന്നു.

അധ്യക്ഷസ്ഥാനത്തേക്ക് സുരേന്ദ്രനും രമേശിനും വേണ്ടി ഗ്രൂപ്പുതിരിഞ്ഞ് ആവശ്യം ശക്തമാകും. എന്നാല്‍, കേന്ദ്രനേതൃത്വത്തോട് ഏറെ അടുപ്പമുള്ള വി. മുരളീധരന്റെ ഡല്‍ഹിയിലെ സാന്നിധ്യം സുരേന്ദ്രന് അനുകൂലമാവും. കഴിഞ്ഞതവണ ആര്‍.എസ്.എസിന്റെ സഹസര്‍കാര്യവാഹ് ദത്താത്രേയ ഹോസബളെ സുരേന്ദ്രനെ അധ്യക്ഷനാക്കാന്‍ നിര്‍ദേശിച്ചതാണെങ്കിലും ഗ്രൂപ്പുപോര് ശക്തമാകുമെന്നുകണ്ട് സമവായമെന്നനിലയില്‍ പിള്ളയെ പരിഗണിക്കുകയായിരുന്നു.

രണ്ടു ദിവസംമുമ്പ് കൊച്ചിയില്‍ ആര്‍.എസ്.എസ്.-ബി.ജെ.പി. സംയുക്തയോഗം നടന്നിരുന്നു. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ പുതിയ അധ്യക്ഷന്‍ വരുമെന്ന് സന്തോഷ് അറിയിച്ചതാണ്. പകരം ആരെന്ന ചോദ്യത്തിന് ഉടന്‍ തീരുമാനമാകുമെന്നാണ് മറുപടിയുണ്ടായത്. ഈ യോഗത്തില്‍ എം.ടി. രമേശും പങ്കെടുത്തിരുന്നു. ആര്‍.എസ്.എസിന്റെ മനസ്സ് പൂര്‍ണമായും രമേശിനൊപ്പമാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഉറപ്പിച്ചുപറയുന്നത്. ഇനി തര്‍ക്കം മൂത്താല്‍ സമവായമെന്നനിലയില്‍ കുമ്മനത്തെ പരിഗണിച്ച് ഗ്രൂപ്പിന് തടയിടും എന്നു കരുതുന്നവരുമുണ്ട്.

content highlights: k surendran, mt ramesh bjp kerala