തിരുവനന്തപുരം:  സോളാര്‍ തട്ടിപ്പു കേസില്‍ കോടതി ശിക്ഷിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കോടതി വിധിയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷി അംഗീകരിക്കുമെന്നാണ് കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷ. സ്വന്തം ഭാഗം ന്യായീകരിക്കുന്നതിന് തെളിവ് ഹാജരാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞിട്ടില്ല. ഇതും കോടതിയുടെ കുറ്റമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ നടപടി അപഹാസ്യമാണ്. രാജ്യത്ത് നിലവിലുള്ള നിയമ വ്യവസ്ഥയെയെങ്കിലും മാനിക്കാന്‍ മുന്‍മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ചാണ്ടി തയ്യാറാകണം. അല്ലാതെ സാങ്കേതികത്വം പറഞ്ഞ് ഇനിയും അധികാര സ്ഥാനത്ത് കടിച്ചു തൂങ്ങാന്‍ ശ്രമിക്കുന്നത് അത്യാര്‍ത്തിയായി ജനം വിലയിരുത്തും. അതിന് അവസരം സൃഷ്ടിക്കാതെ വരും തലമുറയ്ക്ക് മാതൃകയാകാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.