കോഴിക്കോട്: മൂന്നും നാലും കെട്ടുന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ വെല്ലുവിളിച്ച് കെ.സുരേന്ദ്രന്‍. മലപ്പുറത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം പാര്‍ട്ടികളെ വെല്ലുവിളിക്കുന്നത്‌. അതേസമയം ഈ സമ്പ്രദായത്തെ മുത്തലാക്കെന്ന് അദ്ദേഹം പറഞ്ഞതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ പരിഹാസമാണ് ഉയരുന്നത്.

മുത്തലാക്കെന്നാല്‍ മൂന്നും നാലും കെട്ടുന്നതല്ല, മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം ഒറ്റയടിക്ക് അവസാനിപ്പിക്കുന്ന സമ്പ്രദായമാണെന്ന്‌ കമന്റ് ബോക്‌സില്‍ പലരും അദ്ദേഹത്തെ തിരുത്തുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലപ്പുറത്ത് മല്‍സരിക്കാന്‍ പോകുന്ന ഇടതു വലതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ മുത്തലാക്കിനെക്കുറിച്ച് അവരുടെ നിലപാട് പരസ്യമായിപ്പറയാനുള്ള ആര്‍ജ്ജവം കാണിക്കണം. ഒരു മുസ്‌ളീം ഭൂരിപക്ഷ മണ്ഡലം എന്ന നിലയില്‍ ലക്ഷക്കണക്കിന് മുസ്‌ളീം സ്ത്രീകളാണ് ഇവിടെ വോട്ടുരേഖപ്പെടുത്താന്‍ പോകുന്നത്. ബഹുഭാര്യാത്വത്തിന്രെ കെടുതികള്‍ അനുഭവിക്കുന്ന മുസ്‌ളീം സ്ത്രീകളുടെ കാര്യത്തില്‍ പുരോഗമനം പ്രസംഗിക്കുന്ന ഇരുമുന്നണികള്‍ക്കും എന്തു പറയാനുണ്ടെന്നറിയാന്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും താല്‍പ്പര്യമുണ്ടാവും. തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടികളുടെ നിലപാടുകള്‍ പരസ്യപ്പെടുത്താനുള്ള അവസരമാണ്. അപരിഷ്‌കൃതമായ മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്ന മുത്തലാക്ക് സംപ്രദായത്തെക്കുറിച്ച് തങ്ങളുടെ നിലപാട് തുറന്ന ചര്‍ച്ചക്കു വിധേയമാക്കാന്‍ ഇരുമുന്നണികളേയും ഞങ്ങള്‍ വെല്ലുവിളിക്കുന്നു. മുസ്‌ളീം സ്ത്രീകള്‍ ആരുടെ കൂടെ നില്‍ക്കുമെന്ന് അപ്പോള്‍ കാണാം. പുരോഗമനം വിളമ്പുന്ന സി. പി. എം പോലും ഇക്കാര്യത്തില്‍ ബ്ബബ്ബബ്ബ അടിക്കുന്നത് വരും ദിവസങ്ങളില്‍ നമുക്കു കാണാം.