
K Surendran | Photo: Mathrubhumi
തിരുവനന്തപുരം: പ്രതിപക്ഷത്തിന് തലച്ചോറിന്റെ കുറവുണ്ടെന്നും നിയമസഭയില്‍ സര്‍ക്കാരിന് വീമ്പിളക്കാനുള്ള വേദിയൊരുക്കികൊടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ഐശ്വര്യമാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ആവനാഴിയില്‍ എല്ലാ അമ്പും ഉണ്ടായിട്ടും തലച്ചോറിന്റെ കുറവ് മാത്രമാണ് പ്രതിപക്ഷത്തിന് ഉണ്ടായത്. നിര്‍ഗുണ പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്നും നിരവധി ആരോപണങ്ങളില്‍ ജനങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിപ്പിക്കാന്‍ അവിശ്വാസ പ്രമേയത്തിന് സാധിച്ചില്ലെന്നും കെ.സുരേന്ദ്രന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിണറായിയെ നേരിടാനുള്ള ത്രാണി രമേശ് ചെന്നിത്തല നയിക്കുന്ന പ്രതിപക്ഷത്തിനില്ല. നിര്‍ഗുണമായി മാറി. യുദ്ധത്തില്‍ എതിരാളികളെ സഹായിക്കുന്ന രീതിയാണ് പ്രതിക്ഷത്തിനുള്ളത്. കഴിഞ്ഞ നാല് കൊല്ലവും ഇതാണ് അവസ്ഥ. അവസാനം ആനപ്പേറ് പോലെ കൊണ്ടുവന്ന അവിശ്വാസവും അതേ രീതയിലായി. ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയും വിശ്വാസ്യതയില്ലാത്ത പ്രതിപക്ഷവുമാണ് കേരളത്തിന്റെ ഗതികേട്. ഒരു പത്തംഗങ്ങൾ ബി.ജെ.പിക്കുണ്ടായിരുന്നുവെങ്കില് സര്‍ക്കാര്‍ വെള്ളം കുടിക്കുമായിരുന്നു. യു.ഡി.എഫിന് ആത്മാര്‍ഥതയുടെ കുറവുണ്ടെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പ്രശ്നങ്ങളെ വര്‍ഗീയ വത്കരിക്കാന്‍ ശ്രമിക്കുന്നു. പരിഹരിച്ച അയോധ്യ വിഷയം നിയമസഭയില്‍ പ്രധാന ചര്‍ച്ചാ വിഷയമാക്കിയത് ഇതിന്റെ ഭാഗമായിട്ടാണ്. സാമുദായിക ധ്രുവീകരണം എന്ന ദുഷ്ട ലാക്കാണ് മുഖ്യമന്ത്രിക്കുള്ളത്. അതുകൊണ്ടാണ് കെ.ടി ജലീലിന്റെ ഖുറാനില്‍ പൊതിഞ്ഞ സ്വര്‍ണക്കള്ളക്കടത്തിനെ മുഖ്യമന്ത്രി വീണ്ടും മതഗ്രന്ഥമായി പറഞ്ഞ് പിന്തുണച്ചത്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് തങ്ങളെന്ന് വരുത്തി തീര്‍ക്കാനുള്ള ഗൂഢാലോചനയിലാണ് മുഖ്യമന്ത്രി. മത സാമുദായിക ശക്തികളുടെ കരുത്തിന്മേല് അധികാരം നിലനിര്‍ത്താമെന്ന ദുഷ്ടലാക്കാണ് മുഖ്യമന്ത്രിക്കുള്ളത്. വര്‍ഗീയ ശക്തികളെ കൂട്ട് പിടിച്ച് തിരഞ്ഞെടുപ്പ് വിജയമുണ്ടാക്കാനുള്ള തന്ത്രം തിരിച്ചറിയണമെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
ലൈഫ് മിഷന്, സ്വര്‍ണ കള്ളക്കടത്ത്, ജലീല്‍ വിഷയം ഇതിലൊന്നും തൃപ്തികരമായ മറുപടി പറയാന്‍ മുഖ്യന്ത്രി തയ്യാറായിട്ടില്ല. കെ.ടി ജലീലിന്റെ ചട്ടലംഘനവും സ്വര്‍ണക്കടത്തും സംബന്ധിച്ച് ജലീലിന്റെ വിശദീകരണം തന്നെയാണ് മുഖ്യമന്ത്രിയും ആവര്‍ത്തിച്ചത്. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് അടിസ്ഥാന പരമായ ഒരു കാര്യവും മുഖ്യമന്ത്രി പറഞ്ഞില്ല. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ കുറ്റപ്പെടുത്തിയിട്ടും തന്റെ ഓഫീസിനെ ആരും കുറ്റപ്പെടുത്തിയില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. നിയമസഭയെ വര്‍ഗീയ ധ്രുവീകരണത്തിനുള്ള വേദിയാക്കി മാറ്റി.
ഈ സര്‍ക്കാരിനെതിരേ പോരാടാന്‍ യു.ഡി.എഫിന് സാധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. സര്‍ക്കാരിനെതിരായ സമരങ്ങള്‍ക്ക് ബി.ജെ.പി തുടക്കം കുറിക്കുകയാണ്. വരുന്ന നാല്, ആഞ്ച്, ആറ് തീയതികളിലായി ബിജെപി ജില്ലാ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം നടക്കുമെന്നും സുരേന്ദ്രന് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..