കോഴിക്കോട്‌:  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന് പിന്നാലെ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുമെന്ന സൂചനയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പിണറായിക്കു കൂവലും മോദിക്കു കയ്യടിയുമാണ് വരാനിരിക്കുന്ന കേരളം സമ്മാനിക്കാന്‍ പോകുന്നതെന്നതിന്റെ ട്രെയിലറാണ് കൊല്ലത്ത് കണ്ടതെന്ന് സുരേന്ദ്രന്റെ പോസ്റ്റില്‍ പറയുന്നു. 

മോദി ഇനിയും വരും കേരളത്തിലേക്ക്. പുതിയ അസ്ത്രങ്ങളുമായി. ഇനി രണ്ടിലൊന്നറിഞ്ഞിട്ടേ ബാക്കിയുള്ളൂ. ജനുവരിയിലെ മരം കോച്ചുന്ന തണുപ്പത്തേ ഇങ്ങനെ വിയര്‍ക്കാന്‍ തുടങ്ങിയാല്‍ ഏപ്രില്‍ മെയ് മാസത്തിലെ കൊടും ചൂടില്‍ ഇരുമുന്നണികളും കുറച്ചൊന്നുമായിരിക്കില്ല ഉഷ്ണിക്കേണ്ടി വരികയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു.

കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന് 

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്രമോദിജിയുടെ ആദ്യ കേരളസന്ദര്‍ശനം തന്നെ എതിരാളികളെ തീര്‍ത്തും പരിഭ്രാന്തരാക്കിയിരിക്കുന്നു എന്നതാണ് ഇടതുവലതു നേതാക്കളുടെ പ്രതികരണങ്ങള്‍ കാണിക്കുന്നത്. കൊല്ലത്ത് അദ്ദേഹം നടത്തിയ പ്രസംഗം രണ്ടു കൂട്ടരേയും അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിച്ചിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിന്റെ ഹീനവും ലജ്ജാകരവുമായ നിലപാടിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പും തുറന്നുകാണിച്ചു. ശബരിമല സംരക്ഷിക്കാന്‍ വിശ്വാസികളോടൊപ്പം ആത്മാര്‍ത്ഥമായി നിന്നത് ബി. ജെ. പി മാത്രമാണെന്നും അതിനായി പ്രവര്‍ത്തകര്‍ നടത്തിയ ത്യാഗോജ്ജ്വലമായ സമരങ്ങള്‍ ഇതിനുദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മേലനങ്ങാതെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള കോണ്‍ഗ്രസ്സിന്റെ കാഞ്ഞ ബുദ്ധി ഇനി നടക്കില്ല എന്നുതന്നെയാണ് മോദി പറഞ്ഞതിന്റെ പച്ചമലയാളം. ലിംഗ നീതിയുടെ കാര്യത്തില്‍ ഇടതു വലതു കാപട്യം മുത്തലാഖ് വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം തുറന്നടിച്ചു. മുന്നോക്ക സംവരണ വിഷയത്തിലും ലീഗിനെയും സി. പി. ഐയേയും മുന്നില്‍ നിര്‍ത്തി ഇരുമുന്നണികളും നടത്തുന്ന കള്ളക്കളി ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഈ സന്ദര്‍ശനത്തിനായി. അഴിമതി, വര്‍ഗ്ഗീയപ്രീണനം, വികസന വിരുദ്ധത ഇതു മൂന്നും മുഖമുദ്രയാക്കിയ ഇരുമുന്നണികളെക്കൊണ്ടും ജനങ്ങളെ അണി നിരത്തി കണക്കുപറയിക്കും എന്നു തന്നെയാണ് മോദി പറഞ്ഞതിന്റെ സാരം. പ്രചാരണം ആരംഭിച്ചിട്ടേയുള്ളൂ. മോദി ഇനിയും വരും കേരളത്തിലേക്ക്. പുതിയ അസ്ത്രങ്ങളുമായി. ഇനി രണ്ടിലൊന്നറിഞ്ഞിട്ടേ ബാക്കിയുള്ളൂ. ജനുവരിയിലെ മരം കോച്ചുന്ന തണുപ്പത്തേ ഇങ്ങനെ വിയര്‍ക്കാന്‍ തുടങ്ങിയാല്‍ ഏപ്രില്‍ മെയ് മാസത്തിലെ കൊടും ചൂടില്‍ ഇരുമുന്നണികളും കുറച്ചൊന്നുമായിരിക്കില്ല ഉഷ്ണിക്കേണ്ടി വരിക. പിണറായിക്കു കൂവലും മോദിക്കു കയ്യടിയുമാണ് വരാനിരിക്കുന്ന കേരളം സമ്മാനിക്കാന്‍ പോകുന്നതെന്നതിന്റെ ട്രെയിലറാണ് കൊല്ലത്ത് കണ്ടത്. കൊടുത്താല്‍ കൊല്ലത്തും കിട്ടും. പീരങ്കി മൈതാനത്തുനിന്ന് ശക്തന്റെ മണ്ണിലേക്ക് അടുത്തയാഴ്ച വീണ്ടും.

Content Highlights: K Surendran Facebook Post PM Modi Visit Kerala