K Surendran | Screengrab: Mathrubhumi News
തിരുവനന്തപുരം: കെ ഫോണ്‍ കരാറില്‍ 500 കോടി രൂപയുടെ അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഫെയ്‌സ് ബുക്ക് ലൈവിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് വര്‍ഷത്തിനിടയില്‍ സിപിഎം നേതൃത്വത്തിന്റെ അറിവോടെ സംസ്ഥാന സര്‍ക്കാര്‍ നിരവധി അഴിമതികള്‍ നടത്തിയതായും സുരേന്ദ്രന്‍ ആരോപിച്ചു.
കെ ഫോണ്‍ കരാറില്‍ നിര്‍ദ്ദിഷ്ട തുകയേക്കാള്‍ ഏകദേശം 50 ശതമാനം കൂട്ടി നിശ്ചയിച്ചാണ് കമ്പനിക്ക് കരാര്‍ നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അഴിമതികളെല്ലാം സിപിഎമ്മിന്റെ അറിവോടെയാണെന്നും അഴിമതികളിലൂടെ ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം സിപിഎമ്മിനാണ് ലഭിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കെ. ഫോണ്‍ ഇടപാടിന്റെ ഒന്നാമത്തെ ഗുണഭോക്താവ് സിപിഎമ്മുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു സഹകരണ സ്ഥാപനമാണ്. കേരളം മുഴുവന്‍ ആദരിക്കുന്ന ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവിന്റെ പേരിലാണ് ആ സ്ഥാപനം ഇന്ന് അറിയപ്പെടുന്നത്. വാഗ്ഭടാനന്ത ഗുരുദേവന്റെ പേരില്‍ സ്ഥാപിക്കപ്പെട്ട ഊരാളുങ്കല്‍ ലേബര്‍ സര്‍വ്വീസ് സൊസൈറ്റിയാണ് ഇതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍.
സിപിഎമ്മുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഈ സംഘടനയ്‌ക്കെതിരെ നോട്ട് നിരോധനം വന്നപ്പോഴും അതിനുശേഷവും എല്ലാം സിപിഎം നടത്തുന്ന എല്ലാ അഴിമതികളുടെയും പണം സൂക്ഷിച്ചുവയ്ക്കുന്നതും വിനിമയം നടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഇതിനോടകം വന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കെ ഫോണ്‍ ഇടപാടിലും ഊരാളുങ്കല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഇടപെടല്‍ ദുരൂഹമായി നില്‍ക്കുകയാണ്. കെ. ഫോണ്‍ ഇടപാടില്‍ വളരെ ശക്തമായ സാന്നിധ്യം ഊരാളുങ്കല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് ഉണ്ട്. അതിനാല്‍ ഇതില്‍ ശിവശങ്കറിനും സ്വപ്‌നയ്ക്കും മാത്രല്ല സിപിഎം നേതാക്കള്‍ക്കും പങ്കുണ്ട്.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ സിപിഎം നേതാക്കളും വക്താക്കളും നടത്തിയിട്ടുള്ള അഴിമതികള്‍ നിരവധിയാണ്. ശിവശങ്കറിനെയും സ്വപ്‌നയെയും പഴിചാരി രക്ഷപ്പെടാനുള്ള ആസൂത്രിത നീക്കവും സിപിഎം നടത്തുന്നുണ്ട്.
ശിവശങ്കറും സ്വപ്‌നയും നടത്തുന്ന എല്ലാ അഴിമതികളുടെയും പണം എങ്ങോട്ടാണ് പോകുന്നത് എന്ന് അന്വേഷിക്കുമ്പോഴാണ് ഇത്തരം ഇടപാടുകളില്‍ സിപിഎം നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്മാര്‍ട്ട് സിറ്റിയുടെ 30 ഏക്കര്‍ ഭൂമി ഒരു സ്വകാര്യ കമ്പനിക്ക് മറിച്ച് കൊടുക്കാന്‍ ഇതേ സംഘം ശ്രമിച്ചു. അതേക്കുറിച്ച് മുഖ്യമന്ത്രി ഇപ്പോള്‍ സംസാരിക്കുന്നില്ല. പുരപ്പുറ സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടി രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കാഞ്ഞങ്ങാട്ട് റോബര്‍ട്ട് വാദ്രയും സി.സി തമ്പിയും ചേര്‍ന്ന് കൊണ്ടുവന്ന 150 കോടിയുടെ ടൂറിസം റിസോര്‍ട്ട് നഷ്ടത്തിലായതോടെ ഇ.പി ജയരാജന്‍ ഇന്‍കെല്‍ വഴി സംസ്ഥാന സര്‍ക്കാരിനായി ഏറ്റെടുത്തുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു
Content Highlight; k surendran facebook live
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..