കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 

ചിത്തര ആട്ടവിശേഷ സമയത്തുണ്ടായ സംഘര്‍ഷങ്ങളുടെ പേരിലാണ് കെ. സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്ന വ്യവസ്ഥയിലാണ് ഹൈക്കോടതി സുരേന്ദ്രന്‍ ജാമ്യം അനുവദിച്ചത്. മകരവിളക്ക് സമയത്ത് തനിക്ക് അയ്യപ്പ ദര്‍ശനത്തിന് ജാമ്യവ്യവസ്ഥയില്‍ ഇളവനുദിക്കണമെന്നാണ് സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

മകരവിളക്കിന് ശേഷം അഞ്ചുദിവസം ശബരിമല നട തുറന്നിരിക്കും. ഇതിലൊരു ദിവസം ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാണ് കെ. സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടറിഞ്ഞതിന് ശേഷം കോടതി നിലപാടറിയിക്കും. മകരവിളക്കിന് സന്നിധാനത്തെത്താനായിരുന്നു സുരേന്ദ്രന്‍ ഉദ്ദേശിച്ചിരുന്നത്.

Content Highlights: K Surendran Demand Relieve Bail Conditions for Sabarimala Darshan on Makaravilakku