തിരുവനന്തപുരം: അട്ടപ്പാടി ശിശുമരണത്തില്‍ ഒന്നാംപ്രതി സംസ്ഥാന സര്‍ക്കാരെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അട്ടപ്പാടിയില്‍ ആവര്‍ത്തിക്കുന്ന ശിശുമരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി വിഭാഗത്തോടുള്ള സര്‍ക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ലോകത്തെ ദരിദ്ര രാജ്യങ്ങളില്‍ പോലും സംഭവിക്കാത്ത കാര്യങ്ങളാണ് കേരളത്തില്‍ അടിക്കിടെ ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കേന്ദ്രഫണ്ട് വിനിയോഗിക്കാതെ സംസ്ഥാനം വഴിമാറ്റി ചിലവഴിക്കുകയാണ്. പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്നത് കേരളത്തിന് അപമാനകരമാണ്. ഈ കാലഘട്ടത്തിലും അമ്മമാര്‍ക്ക് പോഷകാഹാര കുറവ് ഉണ്ടാകുന്നുവെങ്കില്‍ സര്‍ക്കാര്‍ ദയനീയ പരാജയമാണെന്ന് പറയേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

മുന്‍പ് ശിശുമരണങ്ങള്‍ നടന്നപ്പോള്‍ ബി.ജെ.പി. ഇത് ചൂണ്ടിക്കാണിച്ചിട്ടും സര്‍ക്കാര്‍ അതെല്ലാം അവഗണിക്കുകയായിരുന്നു. പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. മരണപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

content highlights: k surendran criticises state government over attappadi child death