കെ.സുരേന്ദ്രൻ | മാതൃഭൂമി
തിരുവനന്തപുരം: സിഎജിക്കെതിരായ മുഖ്യമന്ത്രിയുടെ വാദം ബാലിശമെന്ന് ബി.ജെ.പി.സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. രാജ്യത്തെ ഭരണഘടനയെ സംബന്ധിച്ചോ ഭരണസംവിധാനത്തെ സംബന്ധിച്ചോ സാമാന്യമായ അറിവുളളവര്‍ പോലും ബാലിശമായ ഇത്തരം വാദം ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'സംസ്ഥാനത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്, മുഖ്യമന്ത്രി കസേരയില്‍ ഇരുന്നുകൊണ്ട് ജനങ്ങളെ പരിഹസിക്കുന്നത്, അപഹാസ്യമായ വാദങ്ങള്‍ ഉന്നയിക്കുന്നത് മുഖ്യമന്ത്രിക്കസേരക്ക് ചേര്‍ന്ന പണിയല്ല. സിഎജി മൂന്നൂനാലുതവണ ഓഡിറ്റിങ് നടത്തിയതാണെന്ന് പറയുന്ന മുഖ്യമന്ത്രി ഇപ്പോള്‍ ഉറഞ്ഞുതുളളുന്നതിന്റെ കാരണം എന്താണ്. ഉത്തരം പകല്‍ പോലെ വ്യക്തം. കിഫ്ബി ഇടപാടില്‍ വലിയ തോതില്‍ അഴിമതി നടന്നിരിക്കുന്നു. അത് കണ്ടുപിടിക്കപ്പെടും എന്ന വേവലാതിയാണ് മുഖ്യമന്ത്രിയെ വേട്ടയാടുന്നത്.
എല്ലാ അനുമതികളോടും കൂടിയാണ് വായ്പയെടുക്കുന്നതെന്ന് ധനകാര്യമന്ത്രി പറയുന്നു. അങ്ങനെ ഉണ്ടെങ്കില്‍ പിന്നെന്തിനാണ് പേടിക്കുന്നത്. സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും അത് വായിച്ചുവെന്ന് പറഞ്ഞാല്‍ മാത്രം മതി ഈ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍. ഭരണഘടനാ വിരുദ്ധമായിട്ടുളള കാര്യമാണ് പിണറായി വിജയന് ചെയ്യുന്നത്. സിഎജി റിപ്പോര്‍ട്ടിനെതിരായ മുഖ്യമന്ത്രിയുടെ എതിര്‍പ്പിന്റെ അടിസ്ഥാനം കിഫ്ബി മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് വായ്പയെടുത്തിരിക്കുന്നത് എന്നുളളതാണ്.'സുരേന്ദ്രന് ആരോപിച്ചു'
തിരഞ്ഞെടുപ്പ് കാലത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് മാധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കുന്നത് ശരിയല്ലെന്നും സുരേന്ദ്രന് പറഞ്ഞു. കൊവിഡിന്റെ മറവില്‍ മുഖ്യമന്ത്രി രാഷ്ട്രീയമാണ് പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ സി.എ.ജിയെ ഉപയോഗിച്ച് കേരളത്തിന്റെ വികസനം അട്ടിമറിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ മാസം 50,000 കോടി രൂപ ദേശീയപാത വികസനത്തിന് നിതിന്‍ ഗഡ്ക്കരി തന്നെന്നു പറഞ്ഞ പിണറായി ഇപ്പോള്‍ മാറ്റി പറയുന്നുത് വെറും രാഷ്ട്രീയമാണ്. ഏത് കാര്യത്തിലാണ് കേന്ദ്രം കേരളത്തെ അവഗണിച്ചതെന്ന് പിണറായി വിജയന് വ്യക്തമാക്കണം. എട്ട് മന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിരുന്ന യു.പി.എ സര്‍ക്കാരിനേക്കാള്‍ കേരളത്തെ സഹായിക്കുന്നത് മോദി സര്‍ക്കാരാണെന്ന് പറഞ്ഞത് മന്ത്രി ജി.സുധാകരനാണ്. കേരളത്തിന്റെ വികസനത്തിന് എത്ര പണം കേന്ദ്രം തന്നെന്ന് മുഖ്യമന്ത്രി പറയണം?
ബിജെപിയുടെ മുന്നേറ്റത്തില്‍ പരിഭ്രാന്തരായ സി.പി.എം തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യവിരുദ്ധ സമീപനം സ്വീകരിക്കുകയാണെന്ന് കെ. സുരേന്ദ്രന് പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുടെ അപരന്മാര്ക്ക് താമര ചിഹ്നത്തിന്റെ തൊട്ടടുത്ത് സമാനതയുള്ള റോസാപൂവ് കൊടുത്തിരിക്കുന്നത് ജനാധിപത്യ മര്യാദയുടെ ലംഘനമാണ്. തിരഞ്ഞെടുപ്പിന്റെ സാമാന്യ മര്യാദകള്‍ അറിയുന്ന ആരെങ്കിലും ഇത് ചെയ്യുമോ? കോര്‍പ്പറേഷനില്‍ ഏഴു സ്ഥലത്താണ് ഇത്തരത്തില്‍ ക്രമക്കേടുള്ളത്.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് ക്രമക്കേട് നടത്തുന്നു. ബി.ജെ.പിക്ക് ജയസാധ്യതയുള്ള ആര്യനാട് ജില്ലാ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം നിഷേധിച്ചു. ഇതുകൊണ്ടൊന്നും എന്‍.ഡി.എയുടെ മുന്നേറ്റം തടയാനാവില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു
Content HighlightsK.Surendran criticises CM Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..