തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും നീക്കത്തിനുള്ള ശക്തമായ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഇഡിക്കെതിരായ കേസ് കോടതി റദ്ദാക്കിയതോടെ സര്‍ക്കാരിന്റെ എല്ലാ ആയുധങ്ങളുടെയും മുനയൊടിഞ്ഞതായി അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

കേരളം ഒരു സ്വതന്ത്ര രാജ്യമാണെന്ന പിണറായി വിജയന്റെ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണിത്.  രാജ്യത്തിന്റെ ഭരണഘടനയെ നോക്കുകുത്തിയാക്കി അഴിമതിയില്‍ നിന്നും രക്ഷപ്പെടാമെന്നായിരുന്നു മുഖ്യമന്ത്രി വിചാരിച്ചത്. അതിന് വേണ്ടി രാജ്യത്ത് കേട്ടുകേള്‍വി ഇല്ലാത്ത രീതിയില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം. 

ക്രൈംബ്രാഞ്ചിന്റെ എഫ്‌ഐആര്‍ ഹൈക്കോടതി തള്ളിയത് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് മുഖമടച്ചുള്ള പ്രഹരമാണ്. അമിതാധികാര പ്രയോഗം നടത്തിയ മുഖ്യമന്ത്രി പരിഹാസ്യ കഥാപാത്രമായി മാറി. ബിജെപി നേരത്തെ തന്നെ ഇത് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തന്നെയാണ് ഇന്ന് കോടതിയും പറഞ്ഞത്. ഭരണഘടനയും ജനാധിപത്യവുമൊന്നും തനിക്ക് ബാധകമല്ലെന്ന പിണറായിയുടെ ധാരണ ഇനിയെങ്കിലും അവസാനിപ്പിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രി ഒരു കോമാളിയായി മാറരുതെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.