കെ.സുരേന്ദ്രൻ | Photo: Mathrubhumi
കാസര്‍ഗോഡ്: സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് യക്ഷഗാനത്തെയും കലാകാരന്മാരെയും അപമാനിച്ച സംഭവത്തില്‍ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. വിദ്യാഭ്യാസ വകുപ്പോ സംഘാടകരോ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. ഉത്തരമലബാറിന്റെ തനതായ സംസ്കാരത്തെയാണ് ഒരു സംഘം അവഹേളിച്ചത്. യക്ഷഗാനകലാകാരന്‍മാരോട് സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറയണമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
യക്ഷഗാനം തുടങ്ങും മുമ്പ് നിലവിളക്ക് കൊളുത്തിവെച്ച് നടത്തുന്ന പൂജ അലങ്കോലപ്പെടുത്തി നിലവിളക്കും പൂജാസാധനങ്ങളും നശിപ്പിക്കപ്പെട്ടു. എന്നിട്ടും ഇതുവരെയും ഇത് സംബന്ധിച്ച് ഒരു അന്വേഷണത്തിനും ഉത്തരവിടാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എന്നാല്‍ മറുവശത്ത് സ്വാഗതഗാനത്തിന്റെ പേരില്‍ മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ കലാകാരന്മാരെ വിലക്കാനും അന്വേഷണം നടത്താനും സര്‍ക്കാര്‍ തയ്യാറായെന്നും കാസര്‍ഗോഡ് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ.സുരേന്ദ്രന് കുറ്റപ്പെടുത്തി.
ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ യക്ഷഗാനം അവതരിപ്പിക്കുന്നതിനു തൊട്ടുമുമ്പേ വിവിധ ടീമുകള്‍ചേര്‍ന്ന് ചമയമുറിയില്‍ നടത്തിയ ചൗക്കി പൂജ ആരോ തടസ്സപ്പെടുത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ആറ് ടീമുകള്‍ചേര്‍ന്ന് പൂജയ്ക്കുള്ള ഒരുക്കം നടത്തുന്നതിനിടെ ഒരാള്‍ വന്ന് വിളക്കൂതുകയും പൂജ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നത്. പൂജയ്ക്കിടെ ചെണ്ടകൊട്ടുമ്പോള്‍ വേദിയില്‍ യക്ഷഗാനം അവതരിപ്പിക്കുന്ന ടീമിന് അലോസരമുണ്ടാകുമെന്ന് പറഞ്ഞായിരുന്നു ഇത്. സംഭവത്തില്‍ യക്ഷഗാന പരിശീലകരായ മാധവന് നെട്ടണിക, ജയറാം പാട്ടാളി തുടങ്ങിയവരും യക്ഷഗാന കലാകാരന്മാരും ചേര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും പ്രതിഷേധം അറിയിച്ചിരുന്നു. ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം വേണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തിന്റെ അഭിമാനമായ സൈനികരുടെ പോരാട്ടത്തെ വിക്രം മൈതാനിയില്‍ ചിത്രീകരിച്ചതിനാണ് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നത്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രിയേക്കാള്‍ താത്പര്യം മന്ത്രി മുഹമ്മദ് റിയാസിനായിരുന്നുവെന്നും കെ. സുരേന്ദ്രന് കുറ്റപ്പെടുത്തി.
സ്കൂള്‍ കലോത്സവത്തിന്റെ പേരില്‍ വലിയതോതില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിന്റെ ഭാഗമായാണ് സ്വാഗതഗാന വിവാദവും ഭക്ഷണ വിവാദവുമുണ്ടായത്. അനാവശ്യമായ വിവാദമുണ്ടാക്കുന്നത് നമ്മുടെ നാടിന് ഗുണകരമല്ലെന്ന് റിയാസും സിപിഎമ്മും മനസിലാക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
മഞ്ചേശ്വരം കേസ് കള്ളക്കേസാണെന്നതിന് തെളിവ് ഇതില്‍ പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടുത്തിയതാണ്. സുന്ദര ഒരു സ്ഥലത്തും തന്നെ ജാതീയമായി അപമാനിച്ചുവെന്ന് പറയുന്നില്ല. ആലുവക്കാരനായ സിപിഎം പ്രവര്‍ത്തകനാണ് ജാതീയമായി പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത്. മുഖ്യമന്ത്രി രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ്. സുന്ദരയ്ക്ക് പണം കൊടുത്തവരും ജോലി കൊടുത്തവരും ഇതിന് മറുപടി പറയേണ്ടി വരും. സുന്ദര സ്വമേധയ ബിജെപി ഓഫീസിലെത്തിയാണ് ബിജെപിക്ക് പിന്തുണ നല്‍കിയത്. ബിഎസ്പി നേതാവ് പരാതി കൊടുത്തപ്പോള്‍ പൊലീസ് സുന്ദരയെ വിളിപ്പിച്ചിരുന്നു. അപ്പോഴും സുന്ദര അത് തന്നെയാണ് ആവര്‍ത്തിച്ചത്. സുന്ദരയെ താന്‍ ഇതുവരെ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. സുന്ദരയുടെ പേരില്‍ പരാതി കൊടുത്തത് സിപിഎം സ്ഥാനാര്‍ത്ഥി രമേശനാണ്. കള്ളക്കേസിനെ ഭയന്ന് ഒളിവില്‍ പോവുകയോ നെഞ്ച് വേദന അഭിനയിക്കുകയോ ചെയ്യുന്നവരല്ല ബിജെപിക്കാരെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
Content Highlights: k surendran bjp kerala state president on state youth festival
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..