തിരുവനന്തപുരം: കേരളത്തിലെ അഴിമതി കേസുകളില്‍ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട് രാജ്യത്ത് ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേന്ദ്ര ഏജന്‍സികളെ അന്വേഷണത്തിന് അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേര്‍ന്നതല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കേന്ദ്ര ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ അതിന് സ്വീകരിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ അതൊന്നും ചെയ്യാതെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും പ്രതിഷേധം സംഘടിപ്പിക്കുന്നതും കേന്ദ്ര ഏജന്‍സികള്‍ സത്യം പുറത്തുകൊണ്ടുവരുമെന്ന ഭയാശങ്കയിലാണ്. മുഖ്യമന്ത്രിയും സര്‍ക്കാരും അന്വേഷണത്തെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണിതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് മുഖ്യമന്ത്രിയുടെ വ്യാമോഹമാണ്. അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തി ഓടിക്കാമെന്ന ധാരണ കേരളത്തില്‍ നടക്കില്ല. ഇത് പഴയ കേരളമല്ലെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. 

അന്വേഷണത്തെ നേരിടുന്നതിന് പകരം ഭീഷണിയും അക്രമവും കാണിച്ച് അന്വേഷണ സംഘത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി മറുപടി പറയണം. മടിയില്‍ കനമില്ലെങ്കില്‍ മുഖ്യമന്ത്രി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. കുറ്റവാളികളെ സംരക്ഷിക്കാനും സ്വയം രക്ഷപ്പെടാനുമുള്ള വ്യഗ്രതയാണ് മുഖ്യമന്ത്രി കാണിക്കുന്നത്. ഇത് ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല. ജനാധിപത്യ വിരുദ്ധമായ നടപടിയില്‍ നിന്ന് മുഖ്യമന്ത്രി പിന്‍മാറണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

content highlights: K Surendran Alliegation against kerala government