കോഴിക്കോട്: സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് ഒരു മറുപടിയും ജനങ്ങളോട് തുറന്നുപറയാനാവാത്ത സ്ഥിതിയാണ്. പതിവുപോലെ മറുചോദ്യം ഉന്നയിച്ച് മുഖ്യമന്ത്രി ആളുകളെ അക്ഷേപിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ജനങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ധൈര്യം കാണിക്കാത്തത് അദ്ദേഹത്തിനുള്ള പങ്ക് പുറത്താകുമെന്ന ഭയം കാരണമാണ്. കടത്തിയ സ്വര്‍ണം ആര്‍ക്കാണ് വിറ്റതെന്ന് അറിയാവുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറയാന്‍ പിണറായി തയ്യാറാകണം. അതല്ലാതെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ച് അമിത് ഷായെ കളിയാക്കി കൈയടി വാങ്ങാമെന്ന് വിചാരിക്കേണ്ട. മറുപടി പറയാനുള്ള ധൈര്യം ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി കാണിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കേന്ദ്ര സഹമന്ത്രിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ചര്‍മബലം അംഗീകരിച്ചേ മതിയാകൂ. ഉത്തരം പറയാതെ വാചകക്കസര്‍ത്തുകൊണ്ട് കാര്യമില്ല. ചോദിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയില്‍ നിന്ന് ജനങ്ങള്‍ക്ക് ഉത്തരം വേണം. 

ഇ.ഡി ഉദ്യോഗസ്ഥര്‍ സ്വപ്‌നയെ ഭീഷണിപ്പെടുത്തിയാണ് മുഖ്യമന്ത്രിയുടെ പേര് പറയിപ്പിച്ചതെന്ന പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി മുഖ്യമന്ത്രിയുടെ പാര്‍ട്ടി പറയിപ്പിച്ചതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇത് അമിത് ഷായുടെ പോലീസല്ല, പിണറായി വിജയന്റെ പോലീസാണ്. നേരത്തെ മുഖ്യമന്ത്രിക്ക് വേണ്ടി സ്വപ്‌നയുടെ ശബ്ദരേഖ പുറത്തിറക്കിയതും സിപിഎമ്മാണ്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സിപിഎമ്മിന്റെ ഏറ്റവും വലിയ അപചയത്തിന്റെ തെളിവാണ് പൊന്നാനിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം. സിപിഎമ്മിനുള്ളില്‍ ശക്തമായ വര്‍ഗീയതയാണ് നടക്കുന്നത്. വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ സിപിഎം കീഴടങ്ങുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

content highlights: K Surendran allegation against CM Pinarayi Vijayan