കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരമാര്‍ശം കുറ്റവാളിയുടെ ദീനരോദനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേസ് അട്ടിമറിക്കാന്‍ മേയുന്നത് കേന്ദ്ര ഏജന്‍സികളല്ല സംസ്ഥാന ഏജന്‍സികളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

കേന്ദ്ര ഏജന്‍സികളെ അന്വേഷിക്കാന്‍ വിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത് മുഖ്യമന്ത്രിയാണ്. അന്വേഷണം തന്റെ നേരെ ആയപ്പോള്‍ അവരെ തിരിച്ച് വിളിക്കാന്‍ പറഞ്ഞാല്‍ അത് നടക്കില്ല. കേരള മുഖ്യമന്ത്രിയുടെ താളത്തിന് തുള്ളാനല്ല പ്രധാനമന്ത്രി ഇരിക്കുന്നത്. 

മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യവും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ്. പിണറായിയുടെ ഭീഷണിയും വിരട്ടലും കേന്ദ്ര ഏജന്‍സികളുടെ അടുത്ത് വിലപ്പോവില്ല. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോള്‍ അദ്ദേഹം ഒരു മുഴം മുന്നേ എറിയുകയാണ്. കേസ് അട്ടിമറിക്കാന്‍ ജയില്‍ വകുപ്പും പൊലീസും വിജിലന്‍സും ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 
 
സ്വപ്നയെ ചോദ്യം ചെയ്യാന്‍ പോവുന്നത് സി.പി.എം ജില്ലാ സെക്രട്ടറിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനാണ്. പി.ചിദബരം ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിനെ മുഖ്യമന്ത്രി എതിര്‍ക്കുകയാണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനല്ല രാജ്യത്തിന്റെ പണം കൊള്ളയടിച്ചതിനാണ് അവരെ ജയിലിലടച്ചത്. കോടതി പോലും ഞെട്ടുന്ന തെളിവുകളാണ് കേരളത്തിലെ ഉന്നതര്‍ക്കെതിരെ വരുന്നത്. സി.എം രവീന്ദ്രനെ പൂര്‍ണ്ണമായും സംരക്ഷിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് രവീന്ദ്രന്‍ ഇഡിയുടെ ചോദ്യം ചെയ്യല്‍ ഭയക്കുന്നതെന്ന് വ്യക്തമാക്കണം. എല്ലാത്തിലും രാഷ്ട്രീയം കാണാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി അഡീഷണല്‍ സെക്രട്ടറിക്ക് ഭയമില്ലെങ്കില്‍ എന്തിനാണ് ഈ നാടകമെന്ന് പറയണം. ഊരാളുങ്കലും രവീന്ദ്രനും തമ്മിലുള്ള ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.  

ജമാഅത്തെ ഇസ്ലാമിയുമായുള്ള  കൂട്ടുകെട്ട് കോണ്‍ഗ്രസിനെ നശിപ്പിക്കും. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടെ ജമാഅത്തെയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സംയുക്ത റാലി നടത്തി. ഇന്ത്യാ രാജ്യത്തെ 1000 കഷ്ണമാക്കി നശിപ്പിക്കണം എന്ന് പറഞ്ഞ സംഘടനയുമായി കൂട്ടുകൂടിയ കോണ്‍ഗ്രസിന് ദേശീയവാദികള്‍ വോട്ട് ചെയ്യില്ല. ഭീകരവാദികളുടെ ആലയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്‍കിയ മുഖ്യമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് ബി.ജെ.പി കമ്മീഷന് പരാതി നല്‍കിയതായും സുരേന്ദ്രന്‍ അറിയിച്ചു. കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നു എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേ. രാജ്യം മുഴുവന്‍ വാക്‌സിന്‍ സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണ്. കേന്ദ്രത്തിന്റെ പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ട് കാലി മമ്മൂഞ്ഞാണ് പിണറായി വിജയനെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

content highlights: K Surendran allegation against CM Pinarayi Vijayan