തിരുവനന്തപുരം; രാജ്യം കോവിഡിനെ പൊരുതി തോല്‍പ്പിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് പിണറായി സര്‍ക്കാരെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. ഇന്നലെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസിന്റെ 68% വും കേരളത്തിലാണ്. 

അശാസ്ത്രീയമായ കോവിഡ് പ്രതിരോധവും ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പ്രവര്‍ത്തനങ്ങളുമാണ് കേരളത്തെ വന്‍ദുരന്തത്തിലേക്ക് തള്ളിവിട്ടതെന്നും അദ്ദേഹം ആരോപിച്ചു. ഇരുന്നൂറ് മരണങ്ങളും 19 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പൊസിറ്റിവിറ്റിയും റിപ്പോര്‍ട്ട് ചെയ്ത കേരളം രാജ്യത്തിന് അപമാനകരമാണെന്നും അദ്ദഹം പറഞ്ഞു. 

കേരളത്തില്‍ 31,445 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ വെറും 5,031 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള യുപിയില്‍ രോഗികളുടെ എണ്ണം 19 മാത്രമാണ്. 

കേരളം നമ്പര്‍ വണ്‍ എന്ന പി.ആര്‍ പ്രചരണത്തിന് വേണ്ടി കോടികള്‍ ചിലവഴിച്ച സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം നല്‍കിയ വാക്സിന്‍ പോലും തങ്ങളുടെ ഇഷ്ടക്കാര്‍ക്കാണ് വിതരണം ചെയ്തത്. മുന്‍ഗണനാക്രമങ്ങള്‍ തെറ്റിച്ച് ഭരിക്കുന്ന പാര്‍ട്ടിക്കാര്‍ വാക്സിന്‍ എടുക്കുന്നത് നോക്കി നില്‍ക്കേണ്ട അവസ്ഥയിലായിരുന്നു മലയാളികള്‍.

വാക്സിന്‍ സൂക്ഷിക്കുന്നതിലുള്ള കാര്യക്ഷമത ഇല്ലായ്മ ആരോഗ്യമന്ത്രിയുടെ ജില്ലയില്‍ തിരിച്ചടിയായി. വാക്സിന്‍ സ്വീകരിച്ച 20,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കേരളത്തെ നാണം കെടുത്തി. കോവിഡിലെ മരണനിരക്ക് കുറയ്ക്കാനുള്ള ഇടതുസര്‍ക്കാരിന്റെ ദുരഭിമാനം രോഗം ബാധിച്ച് മരിച്ചവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാര നഷ്ടപ്പെടുത്താന്‍ ഇടയാക്കിയെന്നും വിമര്‍ശനം.

Content Highlights: k.surendran aganist pinarayi vijayan and government on fight aganist covid