തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പേടിച്ചിട്ടാണ് സഞ്ജിത്ത് വധക്കേസിലെ പ്രതികളെ പോലീസ് സംരക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരള പൊലീസിന് പ്രതികളെ പിടിക്കാന്‍ ത്രാണിയില്ലെങ്കില്‍ അത് തുറന്ന് പറഞ്ഞ് കേസ് എന്‍ഐഎയെ ഏല്‍പ്പിക്കണം. സംസ്ഥാന ആഭ്യന്തരവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ആരോപിച്ചു.

പാലക്കാട് ജില്ലയില്‍ വ്യാപകമായും കേരളത്തില്‍ അങ്ങിങ്ങോളവും നടക്കുന്ന സിപിഎം-എസ്.ഡി.പി.ഐ കൂട്ടുക്കെട്ടിന്റെ ഉപകാര സ്മരണയാണ് പ്രതികളെ പിടികൂടാതിരിക്കാനുള്ള കാരണം. രാഷ്ട്രീയ എതിരാളികളെ കൊന്ന് സിപിഎം നടപ്പാക്കുന്ന കാടന്‍ നയം എസ്.ഡി.പി.ഐയെ കൊണ്ട് നടത്തിക്കുകയാണ് അവര്‍ ഇപ്പോള്‍ ചെയ്യുന്നത്. സംസ്ഥാനത്ത് സമാധാനം തകര്‍ന്നാല്‍ അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിന് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"നാട്ടില്‍ കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് എസ്.ഡി.പി.ഐ ഭീകരവാദികള്‍ കൊലപാതകങ്ങള്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന് മതഭീകരവാദികളോടുള്ള മൗനമാണ് അക്രമങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണം. പൊലീസ് കൊലപാതകികളെ സംരക്ഷിക്കുകയാണ്. പട്ടാപ്പകല്‍ നടുറോഡില്‍ കൊലപാതകം നടത്തിയിട്ടും അവരെ പിടിക്കാന്‍ശ്രമിക്കുന്നില്ല. കൊല നടത്തിയവരെയും ആസൂത്രണം ചെയ്തവരെയും പൊലീസിന് അറിയാം. എന്നിട്ടും പൊലീസ് നാടകം കളിക്കുകയാണ്. വടിവാളുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റിദ്ധരിപ്പിക്കാനാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. മുമ്പും സഞ്ജിത്തിനെതിരെ വധശ്രമമുണ്ടായിട്ടും പൊലീസ് ഒരു നടപടിയും എടുത്തില്ല. ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് എത്രയധികം കൊലകളാണ് എസ്.ഡി.പി.ഐ നടത്തിയതെന്ന് പരിശോധിക്കണം" - സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

"സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്ഷമയുടെ നെല്ലിപടി കണ്ടിട്ടും തീവ്രവാദികള്‍ വീണ്ടും വീണ്ടും അക്രമിക്കുകയാണ്. സഞ്ചാര സ്വാതന്ത്രവും പ്രവര്‍ത്തന സ്വാതന്ത്രവും ദേശീയ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് നിഷേധിച്ചാല്‍ നോക്കി നില്‍ക്കാനാവില്ല. എസ്.ഡി.പി.ഐ കാപാലിക സംഘത്തെ നേരിടാനുള്ള കരുത്ത് കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങള്‍ക്കുണ്ടെന്നത് പൊലീസ് മറക്കരുത്. മൃഗങ്ങളെ വെട്ടി പരിക്കേല്‍പ്പിച്ച് മനുഷ്യനെ വെട്ടാനുള്ള പരിശീലനം തീവ്രവാദികള്‍ നേടുമ്പോഴും സര്‍ക്കാര്‍ ഉറങ്ങുകയാണ്. കേരളത്തിലെ പല ടെക്സ്റ്റയില്‍സ് സ്ഥാപനങ്ങളിലും തീവ്രവാദികള്‍ ജോലിക്ക് നില്‍ക്കുന്നുണ്ട്. തീവ്രവാദ ശക്തികള്‍ ഹോട്ടലുകളില്‍ ഹലാല്‍ സംസ്‌ക്കാരം കൊണ്ടുവന്ന് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ശബരിമലയില്‍ പോലും ഹലാല്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്ന അവസ്ഥയാണുള്ളത്" - അദ്ദേഹം ആരോപിച്ചു.

Content Highlights: K Surendran against the inaction of the pinarayi vijayan govt on Sanjith's murder case