കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ | Photo: Mathrubhumi
തൃശൂര്‍: ബി.ജെ.പി. വേദിയില്‍ വാക്‌പോരുമായി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും മുതിര്‍ന്ന നേതാവ് ശോഭാ സുരേന്ദ്രനും. പണ്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഒന്നോ രണ്ടോ വനിതകള്‍ ഉണ്ടായിരുന്ന പാര്‍ട്ടിയില്‍ ഇപ്പോള്‍ തെരുവില്‍ ഇറങ്ങാനും സമരം ചെയ്യാനും നിരവധി വനിതകളുണ്ടെന്ന് സുരേന്ദ്രന്‍ ശോഭാ സുരേന്ദ്രനെ വേദിയിലിരുത്തി പറഞ്ഞു. എന്നാല്‍, ബി.ജെ.പിയില്‍ ശോഭയോ സുരേന്ദ്രനോ ഒരു വിഷയമല്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തൃശൂരിലെത്തി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചപ്പോള്‍ പോലും ശോഭാ സുരേന്ദ്രന് വേദിയില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. ഏറെ നാളുകള്‍ക്ക് ശേഷമാണ് സംസ്ഥാന അധ്യക്ഷനും ശോഭാ സുരേന്ദ്രനും ഒരുവേദിയില്‍ ഒരുമിച്ചെത്തിയത്. ഇത് പരസ്പരമുള്ള കൊമ്പുകോര്‍ക്കലിനുള്ള വേദിയുമായി. അടുത്തകാലം വരെ ചാനല്‍ ചര്‍ച്ചകളില്‍ ബി.ജെ.പിയുടെ വനിതാമുഖമായിരുന്നു ശോഭാ സുരേന്ദ്രന്‍. എന്നാല്‍, കുറച്ചുകാലമായി പാര്‍ട്ടി പരിപാടികളില്‍ പോലും അവര്‍ സജീവമല്ലെന്ന് വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.
ഇതിനിടെയാണ് ശോഭാ സുരേന്ദ്രനെ വേദിയിലിരുത്തി സുരേന്ദ്രന്റെ പരിഹാസം. ടി.വി. ചാനലില്‍ സംസാരിക്കാന്‍ മാത്രമല്ല, തിരുവനന്തപുരത്തും കോഴിക്കോട്ടും തൃശൂരും പാലക്കാട്ടും പോലീസിന്റെ ബാരിക്കേഡുകള്‍ ചാടിക്കടന്ന് ലക്ഷക്കണക്കിന് സ്ത്രീകള്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത് കേരളത്തില്‍ നാം കണ്ടതാണെന്നായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.
എന്നാല്‍, പരിപാടിക്ക് ശേഷം ഇതിനോട് വൈകാരികമായാണ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്. ഒരുപാട് സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഒരല്‍പ്പം വേദന സഹിച്ചിട്ടാണെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകയായി മുന്നോട്ട് പോകും. കസേരകിട്ടിയാലും ഇല്ലെങ്കിലും പ്രവര്‍ത്തിക്കും. കൂടുതല്‍ വിഷമിപ്പിക്കരുതെന്നും അവര്‍ പറഞ്ഞു.
ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുമ്പോള്‍ തുറന്നുപറയാനുള്ള തന്റേടം സ്ത്രീക്ക് കഴിവുകേടാണെന്ന് താന്‍ കരുതുന്നില്ല. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് എന്ന വേദനിപ്പിക്കരുത് എന്നാണ് എനിക്ക് മാധ്യമപ്രവര്‍ത്തകരോട് പറയാനുള്ളതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന നേതൃത്വവും ശോഭാ സുരേന്ദ്രനും തമ്മിലുള്ള ഭിന്നത എളുപ്പം അവസാനിക്കില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
Content Highlights: k surendran against sobha surendran
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..