സന്ദീപ് വാര്യർ, കെ. സുരേന്ദ്രൻ
തിരുവനന്തപുരം: ഹലാല്‍ വിഷയത്തില്‍ പാര്‍ട്ടി വക്താവ് സന്ദീപ് വാര്യരുടെ നിലപാടിനെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ഹലാല്‍ ഭക്ഷണത്തിനുപിന്നില് തീവ്രവാദ ശക്തികളാണെന്ന് കെ. സുരേന്ദ്രന് പറഞ്ഞു. ഇതോടെ ഹലാല്‍ വിവാദത്തില്‍ താന്‍ നേരത്തെ ഇട്ട ഫേയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി സന്ദീപ് വാര്യരും രംഗത്തെത്തി.
ഹലാല്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത് നിഷ്കളങ്കമായല്ലെന്നും ഹലാല്‍ സംസ്കാരം ഉണ്ടാക്കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും കെ. സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് വ്യക്തമാക്കിയ സംസ്ഥാന നേതൃത്വം, സന്ദീപ് വാര്യരെ ശക്തമായി വിമര്‍ശിച്ചു. പാര്‍ട്ടി ഭാരവാഹികള്‍ ഇത്തരം വിഷയത്തില്‍ എടുക്കുന്ന നിലപാടുകള്‍ പാര്‍ട്ടി നിലപാടുമായി ചേര്ന്നുനില്ക്കുന്നതാകണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി. സുധീര്‍ പറഞ്ഞു.
ഇതോടെ പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി സന്ദീപ് വാര്യര്‍ രംഗത്തെത്തി. കോഴിക്കോട്ടെ പ്രമുഖ റസ്റ്റോറന്റിനെതിരെ മത മൗലികവാദികള്‍ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ ആക്രമണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചതെന്നും സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങള്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുകയും പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയതോടെ നേരത്തെ ഇട്ട പോസ്റ്റ് പിന്‍വലിക്കുകയാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
ഹലാല്‍ ഭക്ഷണത്തിനെതിരെ ബി.ജെ.പിയും മറ്റ് ശക്തികളും പ്രചാരണം ശക്തമാക്കിയ സാഹചര്യത്തില്‍ ഈ നിലപാട് തെറ്റാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തിയത് ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു.
Content Highlights: K Surendran Sandeep Varier Halal food controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..