തിരുവനന്തപുരം: ശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതയ്ക്കും ആയിരം വട്ടം ഗംഗയില്‍ മുങ്ങിയാലും കടകംപളളി സുരേന്ദ്രന് മാപ്പ് ലഭിക്കില്ലെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കടകംപള്ളി സുരേന്ദ്രന്റെ മലക്കംമറിച്ചില്‍ പരിഹാസ്യമാണ്. ആയിരം തിരഞ്ഞെടുപ്പില്‍ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി ഇപ്പോള്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയംകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ച വാർത്തയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ.

ചെയ്തതിനെല്ലാം കടകംപള്ളി സുരേന്ദ്രന്‍ ഓരോന്നോരാന്നായി മാപ്പ് പറയണം. മനീതി സംഘത്തേയും രഹ്ന ഫാത്തിമയേയും പതിനെട്ടാംപടി കയറ്റാന്‍ നോക്കിയതിന് കടകംപള്ളി പരസ്യമായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകണം. വിശ്വാസികളെ വഞ്ചിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തിക്കൊടുക്കാന്‍ തയ്യാറാകുന്നില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. 

കടകംപള്ളി ദേവസ്വം മന്ത്രി ആയതിന് ശേഷമാണ് ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമല മാത്രമല്ല, ഗുരുവായൂരും പത്മനാഭസ്വാമി ക്ഷേത്രവും തകര്‍ക്കാനാണ് കടകംപള്ളി സുരേന്ദ്രന്‍ ശ്രമിച്ചത്. ക്ഷേത്രങ്ങള്‍ ഈ നിലയില്‍ പരിതാപകരമായ അവസ്ഥയിലായത് കടകംപള്ളി സുരേന്ദ്രന്റെ ദുരൂഹമായ ഇടപെടല്‍ കൊണ്ടാണ്. അദ്ദേഹത്തിന്റെ കള്ളക്കരച്ചില്‍ കേരളത്തിലെ പൊതു സമൂഹം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലയുടെ കാര്യത്തിലും വിശ്വാസികളുടെ കാര്യത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഎം മലക്കം മറിഞ്ഞിരുന്നു. പക്ഷേ എന്തുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം മാറ്റിക്കൊടുക്കാത്തത്. കടകംപള്ളി സുരേന്ദ്രന് ഒരു നിമിഷം കൊണ്ട് വിചാരിച്ചാല്‍ സാധിക്കുന്നതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് ഒരു തരത്തിലും വിശ്വാസി സമൂഹം ചെവിക്കൊള്ളില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Content Highlights: K Surendran against Kadakampally Surendran on Sabarimala issue