കെ സുരേന്ദ്രൻ | ഫോട്ടോ: ബിജു വർഗീസ്|മാതൃഭൂമി
തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ പാസായതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളി വ്യക്തമായതായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ 14 സർവകലാശാലകളിലും സി.പി.എമ്മിന്റെ ആധിപത്യം സ്ഥാപിക്കാനുള്ള ബില്ലിനെ അനുകൂലിച്ച വി.ഡി. സതീശനെ പിണറായി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയാക്കുന്നതാണ് നല്ലത്. പ്രതിപക്ഷധർമം മറന്നതുകൊണ്ടാണ് യു.ഡി.എഫ്. ജനാധിപത്യവിരുദ്ധമായ ബില്ലിനെ എതിർക്കാതിരുന്നത്. സ്വജനപക്ഷപാതവും അഴിമതിയും നടത്താനാണ് സർക്കാർ ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റുന്നത്. ഇതിന് ഓശാന പാടുകയാണ് പ്രതിപക്ഷമെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മുസ്ലിംലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് കോൺഗ്രസ് നിലപാട് മാറ്റിയത്. അഴിമതിയും സ്വജനപക്ഷപാതവും വർഗീയതയും മുഖമുദ്രയാക്കിയ ലീഗിൽ നിന്നും മറിച്ചൊരു സമീപനം പ്രതീക്ഷിക്കേണ്ടതില്ല. കോൺഗ്രസിൽ ആത്മാഭിമാനമുള്ളവർക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.
സുപ്രീംകോടതി ഉൾപ്പെടെയുള്ള നീതിന്യായ കോടതികൾക്ക് മുമ്പിൽ പരാജയപ്പെട്ട സർക്കാർ നിയമസഭയെ ഉപയോഗിച്ച് അതെല്ലാം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സർവ്വകലാശാലകളുടെ സ്വയം ഭരണം തകർക്കാനും വിദ്യാർഥികളുടെ ഭാവി ഇല്ലാതാക്കാനുമാണ് സർക്കാരും പ്രതിപക്ഷവും ശ്രമിക്കുന്നത്. സർക്കാരിന്റെ നിലപാട് കാരണം സംസ്ഥാനത്തെ പതിനായിരക്കണക്കിന് സർവകലാശാല വിദ്യാർഥികൾ ആശങ്കയിലാണ്. അവരുടെ ഭാവിക്ക് ഭീഷണിയാണ് നിയമസഭയിൽ അവതരിപ്പിച്ച ബിൽ. ഇപ്പോൾ തന്നെ നാഥനില്ലാ കളരിയാണ് കേരളത്തിലെ സർവകലാശാലകൾ. ഭരണഘടനാവിരുദ്ധവും യുജിസി നിയമങ്ങൾക്കെതിരുമായ ബില്ലിനെതിരെ ബിജെപി പോരാടുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Content Highlights: K Surendran against government and opposition
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..