
കെ.സുരേന്ദ്രൻ | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
കോഴിക്കോട്:ഇ.പി.ജയരാജന്റെ ഭാര്യ ക്വാറന്റീനില്‍ ഇരിക്കെ അടിയന്തരമായി സഹകരണ ബാങ്കിലെ ലോക്കറിലെത്തിയത് സ്വർണക്കടത്തുമായുള്ള അന്വേഷണത്തെ ഭയന്നാണെന്ന് കെ.സുരേന്ദ്രൻ. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷന്റെ ഒരു ഭാഗം പോയത് ഇ.പി ജയരാജന്റെ മകനിലേക്കാണ്.
മകനെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് ഇവർക്ക് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം തങ്ങളിലേക്കെത്തുന്നോ എന്ന ഭയമുണ്ടാവും. അല്ലെങ്കിൽ ലോക്കറിൽ നിന്ന് എടുത്തുകൊണ്ട് പോയത് പണമോ, സ്വർണമോ, മറ്റ് രേഖകളോ ആണെന്ന് വ്യക്തമാക്കാൻ ഇ.പിക്ക് ബാധ്യതയുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ഏജൻസികൾ വിശദമായ അന്വേഷണം നടത്തണമെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.
ലൈഫ് മിഷൻ അഴിമതിയിൽ മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ വ്യക്തമായ ഉത്തരം കിട്ടും. മുഖ്യമന്ത്രിയുടെ മകനും ദുബായിൽ നിന്ന് അഴിമതിക്ക് ചുക്കാൻ പിടിക്കുകയാണ്. മുഖ്യമന്ത്രി എല്ലാ അന്വേഷണത്തേയും അട്ടിമറിക്കുകയാണ്. പിണറായി വിജയൻ മുഖ്യമന്ത്രി ആയിരിക്കുന്ന കാലം വരെ കൃത്യമായ അന്വേഷണം നടക്കില്ല. തന്നിലേക്ക് കൂടി അന്വേഷണം വരുമെന്ന് കണ്ടാണ് കെ.ടി ജലീലിന് മുഖ്യമന്ത്രി വലിയ പിന്തുണ നൽകുന്നത്. എല്ലാം ഫെയ്സ്ബുക്കിലൂടെ മറുപടി പറയാൻ ഫെയ്സ്ബുക്കല്ല ജലീലിനെ മന്ത്രിയാക്കിയത്. ഈ വിധത്തിൽ മുന്നോട്ട് പോവാനാണെങ്കിൽ ജലീലിനെ റോഡിലിറങ്ങാൻ അനുവദിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സ്വപ്നയ്ക്ക് ഇടയ്ക്കിടെ നെഞ്ചുവേദന വരുന്നത് അന്വേഷണത്തെ അട്ടിമറിക്കാനാണ്. ആശുപത്രിയിലെത്തി നേഴ്സുമാരുടെ ഫോണിൽ ബന്ധപ്പെട്ട് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു. സ്വപ്നയുടെ നെഞ്ചുവേദനയാണോ അതല്ല മുഖ്യമന്ത്രിയുടെ നെഞ്ചുവേദനയാണോയെന്നാണ് മനസ്സിലാവാത്തത്. ആശുപത്രിയിലെ നഴ്സുമാരുടെ ഫോൺ വിശദമായി പരിശോധിക്കണെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..