തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതോടെ ജോലി ലഭിക്കില്ലെന്ന മനോവിഷമത്തില്‍ അനു എന്ന ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്കും. പി.എസ്.സി ചെയര്‍മാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പി.എസ്.സിയുടെ സുതാര്യത നഷ്ടമാക്കി. ഒ.എംആര്‍ ഷീറ്റില്‍ പോലും തട്ടിപ്പാണ്. അനുവിന്റെ കുടുംബത്തിനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. വിശ്വാസ് മേത്ത ഐഎഎസ് ആണോ വിശ്വാസ് മേത്ത പിബി ആണോ എന്നാണ് അറിയാന്‍ മേലാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

പി.എസ്.സിയും സര്‍ക്കാരുമാണ് ഈ ആത്മഹത്യയ്ക്ക് ഉത്തരവാദി. അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. പത്താം ക്ലാസ് പാസാകാത്ത സ്വപ്‌നയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിമാസ ശമ്പളം കൊടുത്താണ് ഈ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചത്. അങ്ങനെ എത്ര എത്ര സ്വപ്‌നമാര്‍ ഇങ്ങനെ നിയമിതരായി. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ അട്ടിമറിച്ച ഡിവൈഎഫ്.ഐ-എസ്.എഫ്.ഐ ക്രിമിനലുകളെ, ഗുണ്ടകളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. എല്ലാ ഡി.വൈ.എഫ്.ഐ നേതാക്കന്മാരുടെ ഭാര്യമാര്‍ക്ക് ബന്ധുക്കള്‍ക്കും വരെ സര്‍ക്കാര്‍ ജോലിയായി. ദേശീയ നേതാക്കള്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെയുള്ളവരുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കി. ഇതൊരു ഭാര്യാ പ്രസ്ഥാനമായി. ഭാര്യമാരുടെ നവോത്ഥാനം മാത്രമാണ് നടക്കുന്നത്. 

വി. മുരളീധരനാണോ അതോ കോണ്‍സുലേറ്റില്‍ നിരങ്ങിയ സംസ്ഥാന മന്ത്രിമാരാണോ സ്വപ്‌നയുടെ മൊഴി അടിസ്ഥാനത്തില്‍ പുറത്തുവരാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം. അവസാനം എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം. ഫൈസല്‍ ഫരീദിന് ഡിപ്ലോമാറ്റിക് ബാഗേജ് അയക്കാന്‍ കഴിയുമോ. മൊഴിയുടെ രണ്ട് കടലാസ് അല്ലേ പുറത്തുവിട്ടെ. ബാക്കി എന്താ വിടാത്തെ. രണ്ട് പേജ് മാത്രമേയുള്ളോ മൊഴി. ശ്രീരാമകൃഷ്ണനും ജലീലും മാധ്യമ ഉപദേഷ്ടാക്കളും മുഖ്യമന്ത്രിയുടെ ഓഫീസുള്ളവര്‍ വിളിച്ച സിഡിആര്‍ എന്തുകൊണ്ട് പുറത്തുവന്നില്ല-സുരേന്ദ്രന്‍ ചോദിച്ചു.

ലാവലിന്‍ കേസില്‍ നിന്ന് പിണറായിയെ രക്ഷപെടുത്തിയതില്‍ ടി.കെ.എ നായര്‍ക്കും ആന്റണിക്കും അടക്കമുള്ളവര്‍ക്ക് പാപക്കറയില്‍ നിന്ന് ഒഴിവാകാന്‍ കഴിയുമോ. കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെയല്ലേ കേസില്‍ പിണറായിയെ സഹായിച്ചത്. വിചാരണ പോലും നടത്താതെ കുറ്റപത്രം റദ്ദാക്കിയ ചരിത്രം ഇപ്പോള്‍ പറയുന്നില്ല. ജഡ്ജിയുടെ അവസ്ഥയെന്തായിരുന്നെന്നും പാരിതോഷികം എവിടെയാണ് നല്‍കപ്പെട്ടതെന്നും തുടങ്ങിയിട്ട് എല്ലാം അന്വേഷിക്കട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

content highlights: K Surendran against CM and PSC chairman