തിരുവനന്തപുരം: ബാലാവകാശ കമ്മിഷനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് പരിശോധനയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ രണ്ടു വയസ്സുളള കു്ട്ടിയെ രാഷ്ട്രീവാശ്യത്തിന് വേണ്ടി ഉപയോഗിച്ചു എന്ന ആരോപണമാണ് കെ.സുരേന്ദ്രന്‍ ഉയര്‍ത്തിയിരിക്കുന്നത്.
'ബിനീഷ് കോടിയേരിക്കെതിരായ കേസില്‍ സര്‍ക്കാരിന്റെ ഭരണസംവിധാനങ്ങളെ ഉപയോഗപ്പെടുത്തി അട്ടിമറി നീക്കം നടത്താന്‍ സി.പി.എം പരിശ്രമിച്ചു. അതില്‍ ഏറ്റവും ഗുരുതരമായിട്ടുളള പ്രശ്‌നം ബാലാവകാശ കമ്മിഷന്റെ ഇടപെടലാണ്. സംസ്ഥാനത്തെ ബാലാവകാശ കമ്മിന്‍ ഒരു പാര്‍ട്ടി കമ്മിഷന്‍ പോലെ, വര്‍ഗ സംഘടനയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ ആരോപണം ആദ്യമായിട്ടല്ല. ബാലാവകാശ കമ്മിഷന്‍ ഡി.വൈ.എഫ്.ഐ പോലുളള സംഘടനയായി മാറിയിരിക്കുകയാണ് കേരളത്തില്‍. ബാലാവകാശ കമ്മിഷനെതിരേ ഇപ്പോള്‍ കേസെടുക്കേണ്ടതാണ്' സുരേന്ദ്രന്‍ പറഞ്ഞു.
രണ്ടു തെററുകളാണ് ബാലാവകാശ കമ്മിഷന്‍ ചെയ്തിരിക്കുന്നത്. ഒന്ന്, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു. രണ്ടു വയസ്സുളള കുഞ്ഞിനെ രാഷ്ട്രീയാവശ്യത്തിന് വേണ്ടി നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരുടേയും ക്യാമറാമാന്‍മാരുടേയും പോലീസുകാരുടേയും ഇടയിലേക്ക് വിളിപ്പിച്ചു. അത് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ്. ഇ.ഡി. പോയതിന് ശേഷം കമ്മിഷന്‍ അംഗങ്ങള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ കൊച്ചുകുട്ടിയുമായി സംസാരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് ഗുരുതരമായ പിഴവാണ്.
രണ്ടാമത്തെ കാര്യം കുട്ടികളെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ പരിചയാക്കുന്നത് ബാലാവകാശങ്ങളുടെ ലംഘനമാണ്. പരിശോധനയെ തുടര്‍ന്ന് ഡെബിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട തര്‍ക്കം ഉണ്ടായതോടെ കുട്ടിയെ ഉപയോഗിച്ച് പ്രശ്‌നമുണ്ടാക്കുകയും കമ്മിഷന്‍ സ്ഥലത്തെത്തി അത് പ്രചരണ വിഷയമാക്കുകയുമായിരുന്നു. കുട്ടിയുടെ കുടുംബമോ, മാധ്യമങ്ങളോ അങ്ങനെ ചെയ്യുന്നതിനെ എതിര്‍ക്കാന്‍ കഴിയില്ല. എന്നാല്‍ ബാലാവകാശ കമ്മിഷന്‍ വന്ന് അവിടെ രാഷ്ട്രീയ പ്രചരണത്തിന് നേതൃത്വം നല്‍കുക വഴി കുട്ടികളെ മറയാക്കി രാഷ്ട്രീയ താല്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത് - സുരേന്ദ്രന്‍ ആരോപിച്ചു.
Content Highlights: K.Surendran Against Child Rights commission