K Surendran | Photo: Mathrubhumi
തിരുവനന്തപുരം: കണ്ണൂരില്‍ വിവാഹഘോഷയാത്രയിലേക്ക് ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ സംഭവം കേരളത്തിന്റെ ക്രമസമാധാന തകര്‍ച്ചയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്ന സംഭവം ലോകത്ത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങളുടെ ചേരിപ്പോരാണ് കണ്ണൂരിലെ ദാരുണ സംഭവത്തിന് പിന്നില്‍. പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തില്‍ ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളും അഴിഞ്ഞാടുകയാണ്. ഗുണ്ടകള്‍ വെട്ടി മരിക്കുന്നതിനോടൊപ്പം പൊതുജനങ്ങളുടെ സമാധാനവും ഇല്ലാതായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് സ്ത്രീകള്‍ക്കുനേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങളുണ്ടാവുന്ന സംസ്ഥാനമായി കേരളം മാറി. 2021-ല്‍ സ്ത്രീകള്‍ക്കെതിരെ 16,418 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം 3549 പോക്സോ കേസുകളാണ് എടുത്തത്. കുട്ടികള്‍ക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനമായി ഇടത് ഭരണം കേരളത്തെ മാറ്റി. സ്ത്രീപീഡന കേസുകളില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും പ്രതികളാവുമ്പോള്‍ കേസ് എടുക്കാന്‍ പോലും പൊലീസ് തയ്യാറാവുന്നില്ല. പിണറായി വിജയന്റെ ഭരണത്തില്‍ ഒരൊറ്റ സ്ത്രീപീഡന കേസില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. സ്വന്തം നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് യുപിയെ അപമാനിക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
Content Highlights : Fight between CPM Gangs is the reason behind Kannur Bomb Explossion says K. Surendran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..